സ്റ്റോപ്പ് മാറി പക്ഷേ, ബസ് മാറിയില്ല
1587038
Wednesday, August 27, 2025 6:37 AM IST
തലയോലപ്പറമ്പ്: വൈക്കം-എറണാകുളം റൂട്ടിലെ മറവൻതുരുത്ത് ടോൾ ജംഗ്ഷനിലെ സ്റ്റോപ്പ് മാറ്റിയിട്ടും ബസുകൾ അതു പാലിക്കാത്തതിനാൽ ഗതാഗതക്കുരുക്ക് തുടരുന്നു. ബസ് സ്റ്റോപ്പ് മാറ്റിയിട്ടും ബസുകൾ ജംഗ്ഷനിൽത്തന്നെ യാത്രക്കാരെ കയറ്റിയിറക്കുകയാണ്.
വൈക്കത്തുനിന്നു ചെമ്മനാകരിയിലേക്കു പോകുന്ന ബസുകളും എറണാകുളത്തുനിന്നും വൈക്കത്തുനിന്നും പാലാം കടവുഭാഗത്തേക്കു വരുന്ന വാഹനങ്ങളും ടോൾ ജംഗ്ഷനിലാണ് നിർത്തുന്നത്. വീതി കുറഞ്ഞ കവലയിൽ ഇതു വലിയ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നു.
തീരുമാനം ഇങ്ങനെ
ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും അപകടം പതിവാകുകയും ചെയ്തതോടെ എംഎൽഎ,ആർടിഒ, തഹസിൽദാർ, എസ്എച്ച്ഒ, എംവിഡി എന്നിവരടങ്ങുന്ന താലൂക്ക് വികസന സമിതിയുടെ നിർദേശപ്രകാരം മറവൻതുരുത്ത് പഞ്ചായത്ത് കമ്മിറ്റിയാണ് രണ്ടു ഭാഗങ്ങളിലേക്കുള്ള ബസ് സ്റ്റോപ്പുകൾ മാറ്റി ബോർഡുകൾ സ്ഥാപിച്ചത്. വൈക്കം ഭാഗത്തേക്കുള്ള ബസുകൾ ടോൾജംഗ്ഷനിൽനിന്നു 250 മീറ്റർ മാറി എസ്ബിഐ, കെഎസ്എഫ് ഇ എന്നിവയ്ക്കു സമീപത്തും എറണാകുളം ഭാഗത്തേക്കുള്ള ബസുകൾ ടോളിൽനിന്നു 200 മീറ്റർ മാറി ചെമ്മനാകരി റോഡിലേക്കു തിരിയുന്നതിനടുത്തും യാത്രക്കാരെ കയറ്റിയിറക്കുന്ന വിധത്തിലായിരുന്നു ക്രമീകരണം.
നടക്കുന്നത് ഇങ്ങനെ
തീരുമാനമെടുത്ത് രണ്ടു മാസം കഴിഞ്ഞിട്ടും ബസുകൾ മാറ്റിയ സ്റ്റോപ്പ് ഉപയോഗിക്കുന്നില്ല. ബസ് സ്റ്റോപ്പിനായി ബോർഡ് സ്ഥാപിച്ചിടത്തുനിന്നു ഓട്ടോസ്റ്റാൻഡ് മാറ്റിയത് ഓട്ടോ തൊഴിലാളികളെയും ദുരിതത്തിലാക്കി. നൂറു കണക്കിനു യാത്രക്കാരും വാഹനങ്ങളും കടന്നുവരുന്ന ടോൾകവലയിൽ രാവിലെയും വൈകുന്നേരവുമുണ്ടാകുന്ന ഗതാഗതക്കുരുക്ക് കാൽനടക്കാർക്കും വാഹന യാത്രികർക്കും ഒരു പോലെ ദുരിതമാണ്.