75 ലക്ഷം ലിറ്റര്‍ പാല് മില്‍മ വിപണിയിലെത്തിക്കും
1586913
Wednesday, August 27, 2025 12:34 AM IST
കോട്ടയം: ഓണാഘോഷത്തോടനുബന്ധിച്ച് 75 ലക്ഷം ലിറ്റര്‍ പാല് മില്‍മ വിപണിയിലെത്തിക്കും.
കഴിഞ്ഞ വര്‍ഷത്തേക്കള്‍ 10 ശതമാനം അധികം പാലാണ് ഇത്തവണ മില്‍മ വിപണിയിലെത്തിക്കുന്നത്. 12 ലക്ഷം ലിറ്റര്‍ പാല് മാത്രമേ കേരളത്തില്‍നിന്നു ലഭിക്കുന്നുള്ളൂ. ബാക്കിയുള്ള പാല് കര്‍ണാടക, ആന്ധ്രാ, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ സഹകരണ ഫെഡറേഷനുകളില്നിന്നു സംഭരിക്കും. മൂന്നു മുതല്‍ ഏഴുവരെയുള്ള ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ പാല് ചെലവാകുന്നത്.
ഈ ദിവസങ്ങളില്‍ മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി ഇത്തവണ പാലിന്റെ ഉപയോഗം വര്‍ധിക്കുമെന്നാണ് മില്‍മയുടെ കണക്കുകൂട്ടല്‍. മില്‍മ സംഭരിക്കുന്ന പാലില്‍നിന്നും സംസ്ഥാനത്തെ 14 ഡെയറി യൂണിറ്റുകളിൽനിന്നും തൈരും നെയ്യും ഉത്പാദിപ്പിക്കുന്നുണ്ട്. ഇതും 10 ശതമാനം വര്‍ധിപ്പിക്കുന്നുണ്ട്. പായസം ഉള്‍പ്പെടെയുള്ള ഓണസദ്യയിലെ വിഭവങ്ങള്‍ക്കായി പാലും പാല് ഉത്പന്നങ്ങളും ധാരാളം ആവശ്യമായി വരും. നിലവിലെ സാഹചര്യത്തില്‍ ആവശ്യത്തിനു പാലും പാലുത്പന്നങ്ങളും നല്കാന് മില്‍മ എല്ലാവിധ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ചെയര്മാന് കെ.എസ്. മണി അറിയിച്ചു.
അതേസമയം ഓണവിപണി ലക്ഷ്യമാക്കി വന്‍തോതില്‍ വ്യാജ പാല് വിപണിയിലെത്തുന്നുണ്ട്. ഇതു തടയുന്നതിനായി ക്ഷീരവികസന വകുപ്പ് ആര്യങ്കാവ്, കമ്പംമെട്ട്, കുമളി, വാളയാര്‍ എന്നിവിടങ്ങളില്‍ പരിശോധനയ്ക്കുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഓണക്കാലത്ത് വന്‍തോതില്‍ വ്യാജപാല്‍ എത്തിയിരുന്നു. ഇതു തടയുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തവണ പരിശോധന കര്‍ശനമാക്കിയത്.
92 സ്പെഷൽ
ട്രെയിനുകളും
കോച്ചുകളും
കോട്ടയം: ഓണക്കാലത്തെ യാത്രാത്തിരക്ക് കുറയ്ക്കാന്‍ 92 സ്പെഷല്‍ ട്രെയിനുകള്‍ ഓടിക്കും. ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് ആറ്, കേരളത്തിൽനിന്ന് മംഗളൂരുവിലേക്ക് 22, ബംഗളൂരുവിലേക്ക് 18 വേളാങ്കണ്ണിയിലേക്ക് 10, പാട്നയിലേക്ക് 36 എന്ന ക്രമത്തിലാണ് അധിക സര്‍വീസുകള്‍.
കൂടാതെ പത്ത് ട്രെയിനുകളില്‍ അധിക കോച്ച് തിരക്കിന്റെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം ജന്‍ശതാബ്ദി എക്സ്പ്രസില്‍ ഒരു ചെയര്‍ കാര്‍ അധികമായി ഉള്‍പ്പെടുത്തി.
തിരുവനന്തപുരം-എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസില്‍ ഒരു ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ച് കൂടി ഉള്‍പ്പെടുത്തി. തിരുവനന്തപുരം-ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസിലും തിരുവനന്തപുരം-മധുരൈ-തിരുവനന്തപുരം അമൃത എക്സ്പ്രസിലും ഒരോ ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചുകള്‍ ചേര്‍ത്തു. മംഗളൂരു-തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസില്‍ ഒരു സ്ലീപ്പര്‍ കോച്ചും അധികമുണ്ട്.
അത്തംപിറന്നു; പൂവിപണി സജീവം
കോട്ടയം: അത്തം പിറന്നതോടെ പൂവിപണിയും സജീവം. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇത്തവണ മറുനാടന്‍ പൂക്കള്‍ കുറവാണ്. ഇതര സംസ്ഥാനത്തുനിന്നെത്തുന്ന പൂക്കള്‍ക്ക് വില കൂടുതലാണ്.
അതിനാല്‍ ഇത്തവണ പൂക്കളമിട്ടാല്‍ കൈപൊള്ളും. ജമന്തിയുടെ വില 300 രൂപയിലെത്തി. ബന്തിപ്പൂവില 200 രൂപയായി. ഓണം അടുക്കുന്നതോടെ വില വീണ്ടും കൂടാനാണ് സാധ്യത. മുല്ലപ്പൂവിനു കിലോയ്ക്ക് 1500-1800 വരെയാണ്.
അത്തം മുതല്‍ തിരുവോണം വരെയാണ് വീടുകളില്‍ പൂക്കളമിടുന്നത്. നാടന്‍പൂക്കള്‍ നന്നേ കുറവായതിനാല്‍ പൂക്കള്‍ വില കൊടുത്ത് വാങ്ങാതെ നിവൃത്തിയില്ല. സ്കൂളുകളിലും കോളജുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും ഓണാഘോഷം അടുത്ത ദിവസം തുടങ്ങും. തുമ്പപ്പൂവ്, തുളസി, തൊട്ടാവാടിപ്പൂ, മുക്കുറ്റി, കാക്കപ്പൂവ് തുടങ്ങിയ നാടന്‍ പൂക്കളാണ് അത്തപ്പൂക്കളമൊരുക്കാന്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്.
ഇവയില്ലെന്നു മാത്രമല്ല ഓണത്തിന്റെ വരവറിയിക്കാന്‍ പോലും തുമ്പപ്പൂവ് ഇല്ല. കമ്പം, തോവാള, ശീലായംപെട്ടി, ദിണ്ടിഗല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പൂക്കൾ പ്രധാനമായും എത്തുന്നത്. തമിഴ്നാട്ടില്‍ നിന്നും ഓരോ ദിവസവും ലോഡ് കണക്കിനു പൂക്കളാണ് വരുന്നത്. വരും ദിവസങ്ങളില്‍ പൂവിപണി കൂടുതൽ സജീവമാകും.