കൊമ്പുകുത്തിയിൽ കാട്ടാന ആക്രമണം
1587735
Saturday, August 30, 2025 12:16 AM IST
മുണ്ടക്കയം: കോരുത്തോട് പഞ്ചായത്തന്റെ കൊമ്പുകുത്തിയിൽ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രാത്രി കൊമ്പുകുത്തിയിൽ പുളിക്കൽ പത്മനാഭപിള്ളയുടെ വീട്ടുമുറ്റത്ത് കാട്ടാനയെത്തി. ആനയെ കണ്ട് ഭയന്ന് വീട്ടുകാർ നിലവിളിച്ചതോടെ ആന വീടിന്റെ കതക് കുത്തിപ്പൊളിച്ചു.
വീടിനകത്തുണ്ടായിരുന്ന കട്ടിൽ, മേശ, ടിവി അടക്കമുള്ള ഗൃഹോപകരണങ്ങളും നശിപ്പിച്ചു. വീട്ടുകാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് കാട്ടാന ഇവിടെനിന്നു മടങ്ങിയത്. മേഖലയിൽ ഏറെനാളായി കാട്ടാനശല്യം അതിരൂക്ഷമാണ്.
നാട്ടുകാർ പരാതിപ്പെടുമ്പോൾ പേരിന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനകളെ കാട്ടിലേക്ക് തുരത്തുമെങ്കിലും മണിക്കൂറുകൾക്ക് ശേഷം ഇവ വീണ്ടും ജനവാസ മേഖലയിലേക്ക് മടങ്ങുകയാണ്. സംരക്ഷണവേലികൾ നിർമിക്കുമെന്ന് അധികാരികൾ വാഗ്ദാനം നൽകുന്നുണ്ടെങ്കിലും ഇതൊന്നും പ്രാവർത്തികമാകുന്നില്ലെന്നു മാത്രമല്ല ഓരോ ദിവസവും വന്യമൃഗശല്യം വർധിക്കുകയാണ്.