ജനകീയ ഹോട്ടൽ തുറക്കാൻ പഞ്ചായത്ത് കമ്മിറ്റി വോട്ടിട്ടു
1587443
Thursday, August 28, 2025 11:41 PM IST
എരുമേലി: മുപ്പത് രൂപയ്ക്ക് ഊണ് മതിയെന്ന് ഭരണ പ്രതിപക്ഷ ഭേദമന്യേ ഒരു വിഭാഗം മെംബർമാർ. 40 രൂപ വേണമെന്ന് കുറച്ചു മെംബർമാർ. ഒടുവിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തിയപ്പോൾ മുപ്പത് രൂപ ഊണിന് ഭൂരിപക്ഷം. എരുമേലി പഞ്ചായത്ത് കമ്മിറ്റിയിലാണ് ജനകീയ ഹോട്ടലിലെ ഊണിന് വില നിശ്ചയിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം അഭിപ്രായ വോട്ടെടുപ്പ് നടത്തി തീരുമാനിക്കുന്നതിലേക്ക് എത്തിയത്.
മാസങ്ങളായി എരുമേലി ടൗണിലെ കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നില്ല. ഇത് തുറന്നു പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മിറ്റി അജണ്ടയിൽ ഉൾപ്പെടുത്തി വിഷയം ചർച്ച ചെയ്തപ്പോഴാണ് ഊണിന്റെ വില തർക്കമായി മാറിയത്.
മുക്കൂട്ടുതറ ടൗണിലും കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ഉച്ചയൂണിന് ഈടാക്കുന്നത് 30 രൂപയാണ്. ഈ ഹോട്ടലിന്റെ കെട്ടിടത്തിന് മാസം പതിനായിരം രൂപയാണ് വാടക. പഞ്ചായത്താണ് വാടക നൽകുന്നത്. എരുമേലി ടൗണിൽ സ്വകാര്യ കെട്ടിടത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് മാസം 12000 രൂപ വാടക നൽകിയാണ്. ഈ വാടകയും പഞ്ചായത്താണ് നൽകിയിരുന്നത്.
എന്നാൽ എരുമേലിയിൽ വാടക അൽപം കൂടുതൽ ആയതിനാൽ ഊണിന്റെ നിരക്ക് വർധിപ്പിക്കണമെന്ന് ചില മെംബർമാർ കമ്മിറ്റിയിൽ ആവശ്യപ്പെട്ടതാണ് തർക്കമായത്. എരുമേലിയിലും മുക്കൂട്ടുതറയിലും വ്യത്യസ്ത നിരക്കിൽ ഊണ് നൽകുന്നത് തെറ്റാണെന്ന് ചില മെംബർമാർ പറഞ്ഞു.
രണ്ടിടത്തും ഒരേ നിരക്ക് മതിയെന്ന് ഇവർ വാദിച്ചതോടെ ഭൂരിപക്ഷ തീരുമാനത്തിന് വേണ്ടി അഭിപ്രായ വോട്ടെടുപ്പ് നടത്തുകയായിരുന്നു. കമ്മിറ്റിയിൽ പങ്കെടുത്ത 20 അംഗങ്ങളിൽ 12 പേർ മുപ്പത് രൂപ നിരക്കിന് അനുകൂലിച്ചു അഭിപ്രായം അറിയിച്ചു. എട്ട് പേർ 40 രൂപ മതിയെന്ന് അറിയിച്ചു. വൈകാതെ ഹോട്ടൽ തുറന്നു പ്രവർത്തിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു.