ഓണം മൂഡിലായി നാട്, എങ്ങും ആഘോഷങ്ങള്‍
1587696
Friday, August 29, 2025 11:44 PM IST
കാഞ്ഞിരപ്പള്ളി: തിരുവോണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. സ്കുളുകളിലും കോളജുകളിലും വിവിധ സ്ഥാപനങ്ങളിലും ഓണാഘോഷങ്ങള്‍ വിവിധ രീതികളില്‍ നടക്കുന്നു.
ഇളങ്ങുളം: രണ്ടാംമൈൽ ഒരുമ പുരുഷസ്വയംസഹായ സംഘത്തിന്റെ വാർഷികവും ഓണാഘോഷവും നാളെ നടക്കും. വൈകുന്നേരം നാലിന് സാംസ്കാരിക സമ്മേളനം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങൾ നടത്തും. രാത്രി എട്ടിന് നാടകം.
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ ഓണാഘോഷം സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗവും കഥാകാരിയും കവയിത്രിയുമായ സിജിത അനില്‍ ഉദ്ഘാടനം ചെയ്തു. ഡോ. സിസ്റ്റർ ലിസ് മരിയ, സിസ്റ്റർ മെര്ലിന് കാഞ്ഞിരത്തിങ്കല്‍, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റർ റോസ്ബെല്‍ എന്നിവര്‍ പ്രസംഗിച്ചു. മെഗാ തിരുവാതിര, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടത്തി.
പൊന്‍കുന്നം: ജനകീയ വായനശാലയുടെ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നിന് രാവിലെ ഒന്‍പതിന് നടക്കും. ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് നേതൃസമിതി പ്രസിഡന്റ് ഒ.എം.എ. കരീം ഉദ്ഘാടനം ചെയ്യും.