ഓണത്തിന് പൂപ്പാടങ്ങളൊരുങ്ങി
1587446
Thursday, August 28, 2025 11:41 PM IST
പാലാ: ഓണം വര്ണാഭമാക്കുവാന് ചെണ്ടുമല്ലിത്തോട്ടം നിര്‍മിച്ച് പാലാ സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ കുട്ടികള്‍. സ്കൂള്‍ റോവര്‍ ലീഡര്‍ നോബി ഡൊമിനികിന്റെ നേതൃത്വത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ കുട്ടിക്കര്‍ഷകരാണ് ഓണപ്പൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലി കൃഷി നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന പൂ നുള്ളല്‍ ചടങ്ങ് പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.സി. പ്രിന്‍സ് തയ്യില്‍ ഉദ്ഘാടനം ചെയ്തു. ഒഴിവു സമയങ്ങളിലും ക്ലാസുകള്‍ക്ക് ശേഷവുമാണ് വിദ്യാര്‍ഥികള്‍ കൃഷി പരിപാലിക്കുന്നത്. വിത്തുനടീല്‍ മുതല്‍ വിളവെടുപ്പ് വരെ എല്ലാ ഘട്ടങ്ങളിലും അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്കൂളിനോട് ചേര്‍ന്നുള്ള തോട്ടത്തില്‍ സജീവമാണ്.
ജമന്തി പൂവ് വസന്തം
രാമപുരം: രാമപുരം പഞ്ചായത്ത് ഒരേക്കര്‍ സ്ഥലത്ത് ജമന്തി കൃഷി ചെയ്ത് മനോഹരമായ പൂന്തോട്ടം ഒരുക്കി. പഞ്ചായത്തിനൊപ്പം കൃഷി വകുപ്പും തൊഴിലുറപ്പ് അംഗങ്ങളും കുടുംബശ്രീയും ചേര്‍ന്നാണ് പദ്ധതി വിജയകരമായി നടപ്പാക്കിയത്. ടൗണ്‍ വാര്‍ഡില്‍ കോലത്ത് അരുണ്‍ തോമസ് സൗജന്യമായി നല്കിയ ഒരേക്കര്‍ സ്ഥലത്താണ് കൃഷി ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന് പുതിയിടത്തുചാലില്‍, വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റ്യന്‍ പരുന്നക്കോട്ടിന് പൂവ് കൈമാറി വിളവെടുപ്പ് ഉദ്ഘാടനം നടത്തി. പഞ്ചായത്ത് മെംബര്‍ ജെയ്മോന് മുടയാരത്ത്, അരുണ്‍ തോമസ് കോലത്ത്, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരടക്കം നിരവധി ആളുകള്‍ പങ്കെടുത്തു.
ചെണ്ടുമല്ലിപ്പൂവ്
വസന്തം
പാലാ: മുരിക്കുംപുഴയില്‍ കാഴ്ചയ്ക്ക് വിരുന്നൊരുക്കി ചെണ്ടുമല്ലി പൂവുകള്‍ വിരിഞ്ഞു. മുരിക്കുംപുഴ സ്വദേശി അജിത് പനയ്ക്കലും ഭാര്യ രമ്യയും നാലു വയസുകാരന് മകന് ആദിദേവും ചേര്‍ന്ന് ഒരുക്കിയത് ചെണ്ടുമല്ലി വസന്തമാണ്.
വീടിന് സമീപത്ത് പാട്ടത്തിനെടുത്ത 60 സെന്റ് സ്ഥലത്ത് 4000ത്തോളം ചെണ്ടുമല്ലി ചെടികള്‍ പൂവിട്ടത് മനോഹരമായ കാഴ്ചയാണ്. ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ചെണ്ടുമല്ലി ചെടികളാണ് ഓണത്തിന് പൂക്കളം ഒരുക്കുന്നതിനായി വിരിഞ്ഞത്.
നിരവധി ആളുകളാണ് ഇതു കാണാനും ചെടികള്ക്കൊപ്പംനിന്ന് ഫോട്ടോയെടുക്കാനുമായി എത്തുന്നത്. പൂവിന്റെ വിപണി അവരവര്‍ തന്നെ കണ്ടെത്തണമെന്നതാണ് ചെണ്ടുമല്ലി കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് അജിത് പറയുന്നു. കൃഷിക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് പാലാ കൃഷിഭവനിലെ ഉദ്യോഗസ്ഥരാണ്. കൂടാതെ ഈ പ്രാവശ്യം ഓണസദ്യ ഉണ്ണാന്‍ നാടന്‍ വാഴയിലയും അജിത് വിപണിയില്‍ എത്തിക്കുന്നുണ്ട്