നീണ്ടൂർ തൃക്കേൽ സ്റ്റേഡിയം നവീകരണം തുടങ്ങി
1587660
Friday, August 29, 2025 6:43 AM IST
ഏറ്റുമാനൂര്‍: കോട്ടയം ജില്ലയില്‍ വിവിധ കായിക പദ്ധതികള്‍ക്കായി 64 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എന്‍. വാസവന്. നീണ്ടൂരില്‍ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി തൃക്കേല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഒരു കോടി രൂപ മുടക്കിയാണ് സ്റ്റേഡിയം നിർമിക്കുന്നത്.
സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും ഏറ്റുമാനൂര്‍ എംഎല്‍എ കൂടിയായ മന്ത്രി വാസവന്റെ വികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപയും ചെലവിട്ടാണ് നിര്‍മാണം. ഒരേക്കറോളം വരുന്ന ഗ്രൗണ്ടില്‍ ഫെന്‍സിങ്, സ്ട്രീറ്റ് ലൈറ്റ്, ഡ്രെയ്നേജ് സംവിധാനം, ഓപ്പണ്‍ ജിം എന്നിവയും ഇന്‍ഡോര്‍ സ്പോര്‍ട്ട്സ് ഫ്ളോറിംഗും സജ്ജീകരിക്കും. ഫുട്ബോള്‍, ക്രിക്കറ്റ് എന്നീ ഇനങ്ങള്‍ക്കായി ഏകദേശം 90 മീറ്റര്‍ നീളത്തിലും 35 വീതിയിലുമാണ് ഗ്രൗണ്ട് നിര്‍മിക്കുന്നത്.
നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ഹൈമി ബോബി, എം.കെ. ശശി, പി.ടി. ബാബു, തോമസ് കോട്ടൂര്‍, ഷൈനി ഷാജി എന്നിവര്‍ പ്രസംഗിച്ചു.