ഓണസദ്യയുടെ കൂറ്റൻ മാതൃകയൊരുക്കി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ
1587695
Friday, August 29, 2025 11:44 PM IST
കാഞ്ഞിരപ്പള്ളി: സ്കൂൾ അങ്കണത്തിൽ ഓണസദ്യയുടെ കൂറ്റൻ മാതൃകയൊരുക്കി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ.
പാഴ്വസ്തുക്കൾ ഉപയോഗിച്ച് 25 അടി നീളത്തിലും പത്തടി വീതിയിലും വാഴയിലയുടെ മാതൃകയുണ്ടാക്കി അതിൽ ഓണസദ്യയുടെ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പപ്പടം, പഴം, പായസം തുടങ്ങി 21 വിഭവങ്ങളുടെ മാതൃകയാണ് ആകർഷണീയമായ രീതിയിൽ തയാറാക്കിയിരിക്കുന്നത്. എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ ഏറെ കൗതുകത്തോടെയാണ് സ്കൂൾ അങ്കണത്തിലൊരുക്കിയിരിക്കുന്ന ഓണസദ്യ
യുടെ മാതൃക കാണാനും ആസ്വദിക്കാനും എത്തുന്നത്.
സ്കൂളിലെ കലാധ്യാപകരായ കെ.കെ. ജയിംസുകുട്ടി, അലൻ കെ. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഓണസദ്യയുടെ കൂറ്റൻ മാതൃക തയാറാക്കിയത്. ഇതോടൊപ്പം മനോഹരമായ പൂക്കളവും ഒരുക്കിയിട്ടുണ്ട്. ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു വിവിധയിനം മത്സരങ്ങൾ നടത്തി. പായസവിതരണത്തോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്. പ്രിൻസിപ്പൽ ഫാ. ആന്റണി തോക്കനാട്ട് ഓണസന്ദേശം നൽകി.