ഓർമകളുടെ ട്രെയിൻ കയറി കുറവിലങ്ങാട്ടേക്ക് വീണ്ടും മാർ പട്ടേരിൽ
1587685
Friday, August 29, 2025 10:45 PM IST
കുറവിലങ്ങാട്: ജീവിതത്തിൽ ആദ്യമായി ട്രെയിനിൽ കയറിയത് മംഗലാപുരത്തുനിന്നു കുറവിലങ്ങാട്ടേക്കായിരുന്നുവെന്ന് നിയുക്ത മെത്രാൻ മാർ ജയിംസ് പട്ടേരിൽ. വൈദിക വിദ്യാർഥിയായി ക്ലാരറ്റ്ഭവനിലേക്കുള്ള യാത്ര. കൂത്താട്ടുകുളം വടകരയിൽനിന്നു മംഗലാപുരത്തേക്കു കുടിയേറിയ കുടുംബത്തെ കുറവിലങ്ങാടുമായും പ്രത്യേകിച്ച് മുത്തിയമ്മയുമായി വിളക്കിച്ചേർത്ത യാത്രകളുടെ തുടക്കമായിരുന്നു അത്.
ബൽത്തങ്ങാടി രൂപത നിയുക്ത മെത്രാനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കുറവിലങ്ങാട് പള്ളിയിലെത്തിയ മാർ ജയിംസ് പട്ടേരിയുടെ വാക്കുകളിൽ കുറവിലങ്ങാടിനോടും മുത്തിയമ്മയോടുമുള്ള സ്നേഹം നിറഞ്ഞുനിന്നു.
ഭാരതത്തിൽ ആദ്യമായി കുറവിലങ്ങാട് പ്രവർത്തനം തുടങ്ങിയ ക്ലാരീഷ്യൻ സഭയ്ക്ക് കുറവിലങ്ങാട് മുത്തിയമ്മ തെളിച്ചുനൽകിയ നീരുറവ ഉള്ളിടത്തോളം കാലം ദൈവവിളിക്കു കുറവുണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നു മാർ പട്ടേരിൽ പറഞ്ഞു.
വൈദികനായ ശേഷം മൂന്നു വർഷം ക്ലാരറ്റ് ഭവനിലെ സേവനത്തിനിടെ മുത്തിയമ്മയുടെ അരികിലെത്താനും പള്ളിയിലെ ശുശ്രൂഷകളിൽ പങ്കുചേരാനുമായി. കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാളിലെത്തി വാങ്ങിയ ഒരു പെട്ടി ഇപ്പോഴും വീട്ടിലുണ്ടെന്നും മാർ ജയിംസ് പറഞ്ഞു.
മാർ ജയിംസ് പട്ടേരിയെ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, പാസ്റ്ററൽ അസിസ്റ്റന്റുമരായ ഫാ. ജോസ് കോട്ടയിൽ, ഫാ. പോൾ മഠത്തിക്കുന്നേൽ, കൈക്കാരന്മാർ, പള്ളിയോഗാംഗങ്ങൾ, കുടുംബകൂട്ടായ്മ ഭാരവാഹികൾ എന്നിവർ ചേർന്നു സ്വീകരിച്ചു.
ക്ലരീഷ്യൻ സഭ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. സിബി ഞാവള്ളിക്കുന്നേൽ, ക്ലാരറ്റ് ഭവൻ സുപ്പീരിയർ ഫാ. തോമസ് പൈങ്ങോട്ടൂർ എന്നിവരും നിയുക്ത മെത്രാനൊപ്പം എത്തിയിരുന്നു. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി അദ്ദേഹത്തെ സ്വാഗതം ചെയ്തു. സെക്രട്ടറി ബെന്നി കോച്ചേരി ആശംസ നേർന്നു.