ഇടകടത്തിയിൽ വോട്ടിന് ഇനി ദൂരമില്ല : പോളിംഗ് ബൂത്ത് അടുത്താക്കി
1587442
Thursday, August 28, 2025 11:41 PM IST
മുക്കൂട്ടുതറ: എരുമേലി പഞ്ചായത്തിലെ ഇടകടത്തി ഉമ്മിക്കുപ്പ വാർഡിൽ അടുത്ത് പോളിംഗ് ബൂത്ത് ഉണ്ടായിട്ടും ഏഴ് കിലോമീറ്റർ അകലെയുള്ള ബൂത്തിലേക്ക് വോട്ട് മാറ്റിയത് മൂലം വോട്ടർമാർ അനുഭവിച്ചു കൊണ്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി. രണ്ടു പോളിംഗ് ബൂത്തുകളിലെ വോട്ടർമാർ ആണ് ബൂത്ത് അടുത്തുണ്ടായിട്ടും ഏഴ് കിലോമീറ്റർ താണ്ടി വോട്ട് ചെയ്യേണ്ടി വന്നിരുന്നത്. ഇനി ഇവർക്ക് തൊട്ടടുത്തുള്ള ബൂത്തിൽ വോട്ട് ചെയ്യാം.
ഇതിനായി ഇവർക്ക് അടുത്തുള്ള ബൂത്തിലേക്ക് വോട്ട് മാറ്റിയെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇടകടത്തിയിലെ ടികെഎംഎം യുപി സ്കൂളിലും പാണപിലാവിൽ എംജിഎം ഗവൺമെന്റ് എൽപി സ്കുളുകളിലുമാണ് രണ്ടു ബൂത്തുകൾ ഉണ്ടായിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലയളവിൽ സങ്കേതിക കാരണങ്ങൾ പ്രകാരം വോട്ടർമാരെ മാറ്റിയതാണ് ബുദ്ധിമുട്ട് സൃഷ്ടിച്ചത്.
ഇടകടത്തി ബൂത്തിലെ 460 മുതൽ 499 വരെയും 601 മുതൽ 767 വരെയുള്ള വോട്ടർമാരും പാണപിലാവ് ബൂത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. പാണപിലാവ് ബൂത്തിലെ 546 മുതൽ 659 വരെയും 680 മുതൽ 773 വരെയുമുള്ള വോട്ടർമാരാണ് ഇടകടത്തി ബൂത്തിലും ഉൾപ്പെടുത്തിയിരുന്നു. ബൂത്തിലെ വോട്ടർ പട്ടിക തയാറാക്കിയതിൽ സംഭവിച്ച പിഴവുകളാണ് ബൂത്ത് ദൂരെയായി മാറിയത്. പരാതിയെ തുടർന്ന് കളക്ടർ ഇടപെട്ടതോടെയാണ് പിഴവ് പരിഹരിച്ച് വോട്ടർമാരെ തൊട്ടടുത്തുള്ള ബൂത്തിലേക്ക് ഇപ്പോൾ മാറ്റി ഉത്തരവായിരിക്കുന്നത്.