ദേശീയ പാതയിൽ ഇടിയോടിടി
1587440
Thursday, August 28, 2025 10:45 PM IST
മുണ്ടക്കയം ഈസ്റ്റ്: മഴ കനത്തതോടെ കൊട്ടാരക്കര - ദിണ്ഡിഗൽ ദേശീയപാതയിൽ മുണ്ടക്കയം 35-ാം മൈലിനും കുട്ടിക്കാനത്തിനുമിടയിൽ അപകടങ്ങൾ പെരുകി. ഇന്നലെ രാവിലെ 11 ാടെ മരുതുംമൂടിനു സമീപം രണ്ട് കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്കു പരിക്കേറ്റു. ഇരു കാറുകൾക്കും സാരമായ കേടുപാട് സംഭവിച്ചു. കുട്ടിക്കാനം ഭാഗത്തുനിന്നു വന്ന ഇന്നോവ കാർ എതിർ ദിശയിൽ വന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വട്ടംതിരിഞ്ഞ കാർ മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ചു.
ബസും കാറും
ഇതിന് അര കിലോമീറ്ററിൽ താഴെ മാത്രം ദൂരത്തിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു. കുട്ടിക്കാനം ഭാഗത്തുനിന്നു മുണ്ടക്കയത്തേക്കു വന്ന കാറിനു മുന്നിൽ മറ്റൊരു വാഹനം ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണംവിട്ട കാർ റോഡിൽ വട്ടംതിരിയുകയും കെഎസ്ആർടിസി ബസിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിനു സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്.
കുഴിയിലേക്ക്
ദേശീയപാതയിൽ മുറിഞ്ഞപുഴ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനു സമീപം നിയന്ത്രണംവിട്ട മാരുതി 800 കാർ കുഴിയിലേക്കു പതിച്ചു. ബസിനെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ വന്ന വാഹനം ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റിയപ്പോഴാണ് അപകടമുണ്ടായതെന്നു പറയുന്നു. റോഡിനു താഴ്ഭാഗത്തുള്ള ഇല്ലിക്കൂട്ടത്തിലേക്കാണ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ കാർ യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഉടൻതന്നെ ഹൈവേ പോലീസ് സ്ഥലത്തെത്തി.
ചാറ്റൽ മഴയും
മൂടൽ മഞ്ഞും
അമിത വേഗതയും അശ്രദ്ധയുമാണ് അപകടങ്ങൾ പെരുകാൻ പ്രധാന കാരണം. ദേശീയ പാതയിൽ ഒരാഴ്ചയായി ചാറ്റൽ മഴയും മൂടൽ മഞ്ഞുമുണ്ട്. ഇതു കണക്കാതെ വാഹനങ്ങൾ വേഗമെടുക്കുന്നതാണ് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്. ഓണ അവധിക്കാലം ആരംഭിച്ചതോടെ റോഡുകളിൽ വാഹനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്.