കളഞ്ഞുകിട്ടിയ പഴ്സ് തിരികെക്കൊടുത്ത് ഇതരസംസ്ഥാന തൊഴിലാളി
1587664
Friday, August 29, 2025 6:43 AM IST
പാമ്പാടി: കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്സ് ഉടമയ്ക്കു തിരികെക്കൊടുത്ത് ബംഗാള്‍ സ്വദേശിയായ അജിത് ഒറാവു മാതൃകയായി. കഴിഞ്ഞദിവസം പൊന്‍കുന്നം-കോട്ടയം റൂട്ടില്‍ സർവീസ് നടത്തുന്ന ബസിലാണ് അരീപ്പറമ്പ് സ്വദേശി കെ.എന്‍. സോമന്റെ പഴ്സ് നഷ്ടപ്പെട്ടത്.
തുടര്‍ന്ന് സോമന് പാമ്പാടി പോലീസില്‍ പരാതിപ്പെട്ടിരുന്നു. പഴ്സ് ബംഗാള്‍ സ്വദേശിയായ അജിത്തിനാണ് ലഭിച്ചത്. തുടര്‍ന്ന് പഴ്സില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു മലയാളം വശമില്ലാത്ത അജിത് സോമനെ വിളിച്ച് ബംഗാളി ഭാഷയില്‍ വിവരമറിയിച്ചു.
ഭാഷ വശമില്ലാത്ത സോമന് ഉടന്‍തന്നെ പാമ്പാടി സ്റ്റേഷന് എസ്ഐ ഉദയകുമാറിനു തന്നെ വിളിച്ച ബംഗാള്‍ സ്വദേശിയുടെ നമ്പര്‍ കൈമാറി. തുടര്‍ന്ന് സ്റ്റേഷനിൽനിന്ന് അജിത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കുകയായിരുന്നു.
തുടര്‍ന്ന് ഇന്നലെ രാവിലെ ബംഗാള്‍ സ്വദേശിയുടെ കോണ്ട്രാക്ടര് പഴ്സുമായി സ്റ്റേഷനിലെത്തി പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്സ് സോമന് കൈമാറുകയായിരുന്നു.