മാങ്ങാനം മോഷണം: പ്രതിയുടെ കൂട്ടാളികള്‍ ഉടന്‍ പിടിയിലാകും
1587453
Thursday, August 28, 2025 11:41 PM IST
കോട്ടയം: മാങ്ങാനത്ത് അമ്പുങ്കയത്ത് അന്നമ്മ തോമസിന്റെ സ്കൈലൈന്‍ വില്ലയിലും സമീപത്തെ ക്ലിനിക്കിലും ഈ മാസം ഒന്‍പതിന് പുലര്‍ച്ചെ മോഷണം നടത്തിയ കേസില്‍ പിടിയിലായ കൊള്ളത്തലവന്റെ കൂട്ടാളികളും ഉടന്‍ പിടിയിലാകും.
മധ്യപ്രദേശിലെ ഗാന്ധ്വാനി താലൂക്കില്‍ ജെംദാ ഗ്രാമത്തിലെ ഗുരു സജനെ (മഹേഷ്-41) യാണ് ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദിന്റെ സ്ക്വാഡും ഈസ്റ്റ് പോലീസും ഉള്‍പ്പെട്ട സംഘം ഗുജറാത്തില്‍നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത്. മാങ്ങാനത്തെത്തിയ ജെംദാ ഗ്രാമത്തില്‍ നിന്നുതന്നെയുള്ള നാലംഗ കൂട്ടാളികളെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട്. കൊള്ളയും കൊലയും പതിവാക്കിയ സംഘങ്ങളുടെ താവളമാണ് ജെംദാ വനപ്രദേശം.
പോലീസിനും പുറത്തുനിന്നുള്ളവര്‍ക്കും ഇവിടെയെത്തി പ്രതികളെ പിടികൂടാന്‍ സാധിക്കാത്ത കാര്യമാണ്. ഒട്ടേറെ ക്രിമിനലുകളും വിവിധ സംസ്ഥാനങ്ങളില്‍ മോഷണം, കൊള്ള, കൊലപാതകം ഉള്‍പ്പെടെ നടത്തിയവരും ഇവിടെ ഒളിവില്‍ കഴിയുന്നുണ്ട്. ഇവരെ കൂട്ടിയാണ് ഗുരുസജന് കേരളത്തിലും മോഷണത്തിനു എത്തുന്നത്.
മോഷണ മുതല്‍ പങ്കിട്ട ശേഷം പലതായി ഇവര്‍ മടങ്ങുന്നതാണ് പതിവ്. പിടിയിലാകുമ്പോള്‍ ഗുരു സജന് ഗുജറാത്തില്‍ ഹോളോ ബ്രിക്സ് കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കുടുംബവും അവിടെ കഴിയുന്നു.
ജോലിക്കടിയില് അവധിയെടുത്ത് ജെംദായില് നിന്നുള്ള സുഹൃത്തുക്കളെ വരുത്തിയാണ് മോഷണത്തിനു പോകുന്നത്. മുന്‍പ് ആലപ്പുഴയിലും കോട്ടയത്തും മോഷണം നടത്താന്‍ ശ്രമിച്ചതായി പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.