തിരയേണ്ട, അരിയേണ്ട; ഓണസദ്യക്കുള്ള പച്ചക്കറി ഇവിടെ റെഡി
1587934
Saturday, August 30, 2025 7:16 AM IST
പാമ്പാടി: പച്ചക്കറി വാങ്ങാനും അരിഞ്ഞു തയാറാക്കാനുമുള്ള സമയം ലാഭിച്ചാണു പാമ്പാടിക്കാര്‍ ഇത്തവണ ഓണസദ്യയൊരുക്കുക. വെറും മൂന്നു മാസങ്ങള്‍കൊണ്ട് ഹിറ്റായ ‘റെഡി ടു കുക്ക്’ വിപണനകേന്ദ്രത്തില്‍ അരിഞ്ഞു റെഡിയാക്കിയ പച്ചക്കറികള്‍ ഒരുപാടു വീടുകളിലെ സദ്യയുടെ ഭാഗമാകും.
പാമ്പാടി സര്‍വീസ് സഹകരണ ബാങ്കിന്റെ കേന്ദ്രത്തില്‍നിന്നുള്ള ഓണം സ്പെഷല്‍ പച്ചക്കറിക്കൂട്ടുകള്‍ 31 വരെ ബുക്കു ചെയ്യാം. ഉത്രാടദിവസം ഉച്ചകഴിഞ്ഞാണ് വിതരണം. അവിയലിനും സാമ്പാറിനുമുള്ള അരിഞ്ഞ പച്ചക്കറികള്‍ ഓരോ കിലോ വീതവും മെഴുക്കുപുരട്ടിക്കുള്ളത് അരക്കിലോയും ഏത്തക്കായയും ഉള്‍പ്പെടുന്ന കിറ്റാണ് ഓണം സ്പെഷല്‍.
12 പേര്‍ക്കുള്ള സദ്യ വിഭവങ്ങളടങ്ങളിയ കിറ്റിന് 749 രൂപയാണു വില. അവിയല്‍, സാമ്പാര്‍, മെഴുക്കുപുരട്ടി, തോരന്‍ തുടങ്ങിയവയ്ക്കുള്ള അരക്കിലോ പാക്കറ്റുകളും ഇവിടെ കിട്ടും. ഓരോ പാക്കറ്റിലും തേങ്ങാ ചിരകിയത്, പച്ചമുളക്, സവാള, ഉള്ളി എന്നിവയുമുണ്ട്. സാമ്പാര്‍, അവിയല്‍ കിറ്റുകള്‍ക്ക് 60 രൂപയാണു വില. ദിവസവും മുന്നൂറിലേറെ പായ്ക്കറ്റുകള്‍ വില്‍ക്കുന്നുണ്ടെന്ന് പാമ്പാടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. പ്രദീപ് പറഞ്ഞു.
പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ പച്ചക്കറി സ്റ്റാളില്‍ പാമ്പാടിയില്‍നിന്നു മാത്രമല്ല, അയല്‍ പ്രദേശങ്ങളില്‍നിന്നും ആളുകളെത്തുന്നുണ്ട്. ബാങ്ക് ഓഫീസിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വികസന വിപണന കേന്ദ്രത്തിലാണ് പച്ചക്കറികള്‍ അരിഞ്ഞു പായ്ക്കറ്റിലാക്കുന്നത്. നാലു സ്ത്രീകള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അരിയുന്നതു മുതല്‍ ചില്ലറില്വച്ച് സൂക്ഷിക്കുന്നതിനാല്‍ ഫ്രഷായിത്തന്നെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
കര്‍ഷകര്‍ക്കു പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി നാട്ടില്‍നിന്നു ലഭിക്കുന്ന പച്ചക്കറികളും കിറ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉണക്കക്കപ്പകൊണ്ടുള്ള ബിരിയാണിക്കൂട്ട്, റെഡി ടു കുക്ക് ഇടിയപ്പം, ഉപ്പുമാവ്, ചക്കകൊണ്ടുള്ള പുട്ടുപൊടി, പൊക്കാളി അരിയുടെ പുട്ടുപൊടി തുടങ്ങി സഹകരണ മേഖലയില്‍നിന്നുള്ള മറ്റുത്പന്നങ്ങളുടെയും വില്പന ഇവിടെയുണ്ട്. ബുക്കിംഗിന്. 9495683814, 9495344619.