കുമരകത്ത് ഇനി ഉത്സവനാളുകൾ
1587929
Saturday, August 30, 2025 7:16 AM IST
കുമരകം: നെഹ്റു ട്രോഫി മത്സരത്തിന്റെ ഫലം ഇന്നറിയാമെങ്കിലും കുമരകത്ത് വള്ളംകളിയുടെ ആവേശം ഒരാഴ്ചയെങ്കിലും നീളും. 122 -ാമത് കുമരകം വള്ളംകളിയുടെ വിളംബര ഘാേഷയാത്ര നാളെ നടക്കുന്നതോടെ ആഘോഷങ്ങൾക്കു തിരിതെളിയും.
മൂന്നിന് ശ്രീകുമാരമംഗലം ക്ഷേത്ര മൈതാനിയിൽനിന്നും കുമരകം പഞ്ചായത്തിന്റെയും ശ്രീനാരായണ പബ്ലിക് ബോട്ട് റേസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര കുമരകം ആറ്റാമംഗലം പള്ളി പാരീഷ് ഹാളിൽ എത്തിച്ചേരും.
തൃശൂരിൽനിന്നുള്ള പുലിപ്പടയും റാഗി പറക്കുന്ന ചെമ്പരുന്തും ചടുല നൃത്ത ചുവടുകളോടെ തരുണീമണികളും ത്രസിപ്പിക്കുന്ന അസുര താളവും ബാൻഡുമേളവും ശിങ്കാരിമേളവുമെല്ലാം വിളംബരഘാേഷയാത്രക്ക് മികവേകും. ആറിന് വിവിധ കലാപരിപാടികൾ പാരീഷ് ഹാളിൽ അരങ്ങേറും. കവണാറ്റിൻകരയിൽ 37-ാമത് ടൂറിസം ജലമേള ആറിന് കവണാറിൽ നടക്കും. രണ്ടിന് ശ്രിശക്തീശ്വരം ക്ഷേത്രകടവിൽ നിന്നും ജലഘോഷയാത്ര ആരംഭിക്കും മൂന്നിനാണ് മത്സരവള്ളംകളി.
ഏഴിന് കോട്ടത്തോട്ടിൽ നടക്കുന്ന ശ്രീനാരായണ ജയന്തി മത്സര വള്ളംകളിയോടെയാണ് കുമരകത്തെ ഓണാഘോഷങ്ങൾക്കു തിരശീല വീഴുക. ശ്രീകുമാരമംഗലം ക്ഷേത്രത്തിൽനിന്നാരംഭിക്കുന്ന ചരിത്രപ്രസിദ്ധമായ ജലഘോഷയാത്രയിൽ അനേകം കളിവള്ളങ്ങളും കേരളീയ കലാരൂപങ്ങളും അണിചേരും.