മംഗളൂരു സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസിന് ചങ്ങനാശേരി സ്റ്റേഷനില്‍ സ്റ്റോപ്പ്
1587949
Saturday, August 30, 2025 7:36 AM IST
ചങ്ങനാശേരി: മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസിന് (16348) ചങ്ങനാശേരി സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ആവര്‍ത്തിച്ചുള്ള നിവേദനങ്ങള്‍ക്കും റെയില്‍വേ മന്ത്രാലയവുമായും ദക്ഷിണ റെയില്‍വേ അധികൃതരുമായും നടത്തിയ തുടര്‍ച്ചയായ ചര്‍ച്ചകളെയും തുടര്‍ന്നാണ് സ്റ്റോപ്പ് ലഭിച്ചത്.
കോവിഡ് കാലത്ത് ഈ ട്രെയിനിന്റെ ചങ്ങനാശേരിയിലെ സ്റ്റോപ്പ് നിര്‍ത്തലാക്കിയിരുന്നു. മംഗളൂരു-തിരുവനന്തപുരം റൂട്ടിലെ പ്രധാന സ്ഥലങ്ങളിലേക്ക് നേരിട്ട് കണക്റ്റിവിറ്റി നല്‍കുന്നതിലൂടെ ചങ്ങനാശേരിയിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ക്കും ദൈനംദിന യാത്രക്കാര്‍ക്കും തീര്‍ഥാടകര്‍ക്കും വളരെയധികം പ്രയോജനം ചെയ്യും. രാത്രി 12.30നാണ് ഈ ട്രെയിന്‍ ചങ്ങനാശേരിയില്‍ എത്തുന്നത്.
വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിന്‍ ആഴ്ചയില്‍ മൂന്നു ദിവസം
ചങ്ങനാശേരി: എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിന്‍ നിലവില്‍ നടത്തുന്ന സര്‍വീസ് ആഴ്ചയില്‍ രണ്ടുദിവസത്തില്നിന്ന് മൂന്നു ദിവസമായി വര്‍ധിപ്പിച്ചു. ഈ ട്രെയിന്‍ ഡെയ്ലി സര്‍വീസാക്കി മാറ്റുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
നിലമ്പൂര്‍ റോഡ് -കോട്ടയം എക്സ്പ്രസ് കൊല്ലത്തേക്ക് നീട്ടുന്നതിനെക്കുറിച്ച് റെയില്‍വേ ബോര്‍ഡ് നേരത്തെതന്നെ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും നിലവിലുള്ള ഫിക്സഡ് ടൈം കോറിഡോര്‍ ബ്ലോക്ക് പുനഃക്രമീകരിക്കുന്നതിന് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അംഗീകാരം ലഭിച്ച ശേഷം ഓണത്തിന് മുന്നോടിയായി ട്രെയിന്‍ കൊല്ലത്തേക്ക് നീട്ടാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും എംപി കൂട്ടിച്ചേര്‍ത്തു.
കോട്ടയം വഴി നിലവില്‍ സര്‍വീസ് നടത്തുന്ന മെമ്മു ട്രെയിനുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി എട്ടു കോച്ചുകളുള്ള ട്രെയിനുകള്‍ 12ഉം 16ഉം കോച്ചുകളായി വര്‍ധിപ്പിക്കാനുള്ള പ്രോപ്പോസല്‍ റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ടെന്നും എംപി പറഞ്ഞു.
ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ക്കായി പരിശ്രമങ്ങള്‍ തുടരും
കേരളത്തില്‍ മെച്ചപ്പെട്ട റെയില്‍വേ കണക്റ്റിവിറ്റിക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് തുടരും. മണ്ഡലത്തിലും സംസ്ഥാനത്തുടനീളവും കൂടുതല്‍ ട്രെയിന്‍ സ്റ്റോപ്പുകള്‍ ഉറപ്പാക്കുന്നതിനും യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ശ്രമങ്ങള്‍ നടന്നുവരികയാണ്.
കൊടിക്കുന്നില്‍ സുരേഷ്
എംപി, മാവേലിക്കര