ബസ് ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവം: സഹോദരങ്ങൾ അറസ്റ്റിൽ
1587937
Saturday, August 30, 2025 7:16 AM IST
പാമ്പാടി: സ്വകാര്യ ബസ് ജീവനക്കാരെ കൈയേറ്റം ചെയ്ത കേസില്‍ സഹോദരങ്ങളായ പ്രതികള്‍ അറസ്റ്റില്‍. കൂരോപ്പട വയലില്‍പീടികയില്‍ അലക്സ്മോന്‍ വി. സെബാസ്റ്റ്യന്‍ (37), സഹോദരന് വരുണ്‍ വി. സെബാസ്റ്റ്യന്‍ (42) എന്നിവരെയാണു പാമ്പാടി പോലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിലുള്ള വിരോധംമൂലം ബസ് ജീവനക്കാരെ കൈയേറ്റം ചെയ്യുകയായിരുന്നു. അന്നേദിവസം രാത്രി 8.45ന് പാമ്പാടിയില്‍നിന്നു പള്ളിക്കത്തോട്ടിലേക്ക് യാത്രക്കാരുമായി പോയ മേരിമാതാ ബസിലെ ജീവനക്കാര്‍ക്കാണ് സൈഡ് നല്‍കിയില്ലെന്ന പേരില്‍ മര്‍ദനമേറ്റത്.
ബസ് മാക്കല്‍പ്പടി സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ പ്രതികള്‍ ബസ് തടഞ്ഞ് ഹെല്‍മെറ്റ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. 40,700 രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.