മുണ്ടാറിലെ ജനജീവിത മുന്നേറ്റത്തിന് പദ്ധതികൾ ആവിഷ്കരിക്കും: ഫ്രാൻസിസ് ജോർജ് എംപി
1587941
Saturday, August 30, 2025 7:30 AM IST
മുണ്ടാർ: നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട, ഗതാഗത സൗകര്യമില്ലാത്ത മുണ്ടാറിലെ ജനങ്ങളുടെ ജീവിതമുന്നേറ്റത്തിനു പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എംപി. വൈക്കം നിയോജക മണ്ഡലത്തിലെ ഏറ്റവും അവികസിത പ്രദേശമായ മുണ്ടാറിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നിരവധി പദ്ധതികൾക്കു രൂപംകൊടുത്തിട്ടുണ്ടെന്നും അവ അടിയന്തരമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടാർ വികസനവുമായി ബന്ധപ്പെട്ട് വള്ളത്തിൽ യാത്ര ചെയ്ത് ജനങ്ങളുടെ പരാതികൾ കേട്ടും ദുരിതങ്ങൾ ബോധ്യപ്പെട്ടും മുണ്ടാറിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമാണ പദ്ധതിയിൽ മുണ്ടാറുമായി ബന്ധപ്പെട്ട് നാലു റോഡുകൾ നിർമിക്കുന്നതിന് പ്രാഥമിക അനുമതിയായിട്ടുണ്ട്.
യുഡിഎഫ് വൈക്കം നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ്, നേതാക്കളായ ടി.എം. മനോജ്, കെ.ടി. തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിഷ രാജപ്പൻ നായർ, വി.ജി. ജനാർദനൻ, മുൻപഞ്ചായത്ത് അംഗങ്ങളായ വി.കെ. വേദമൂർത്തി, സരള മധു, കെ.ജെ. ജയിംസ് എന്നിവർ എംപിയോടൊപ്പമുണ്ടായിരുന്നു.