കുടുംബശ്രീ ഓണം ഫെയര്‍ ചങ്ങനാശേരിയില്‍
1587936
Saturday, August 30, 2025 7:16 AM IST
കോട്ടയം: കുടുംബശ്രീ ജില്ലാതല ഓണം ഫെയര്‍ ഇന്നു മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ ചങ്ങനാശേരി പുതൂര്‍ മൈതാനത്ത് നടത്തും. രാവിലെ 9.30ന് ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് ആദ്യവില്പന നടത്തും.
ചിപ്സ്, നാടന്‍ പലഹാരങ്ങള്‍, കറിപൗഡറുകള്‍, ധാന്യപ്പൊടികള്‍, വെളിച്ചെണ്ണ, അച്ചാറുകള്‍, കരകൗശല വസ്തുക്കള്‍, ഏത്തക്കുല, പുളി, പപ്പടം, സോപ്പ്, സോപ്പ് ഉത്പന്നങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ലഭ്യമാണ്. 15 ഇനം ഉത്പന്നങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് 750 രൂപ നിരക്കില്‍ വാങ്ങാം. പായസമേളയും അച്ചാര്‍ മേളയുമുണ്ട്.
ഓണസദ്യ തിരുവോണംവരെ
കോട്ടയം: കുടുംബശ്രീ ഓണസദ്യ ഓര്‍ഡറുകള്‍ പതിനായിരം കടന്നു. തിരുവോണത്തിനു രാവിലെവരെ വീടുകളില്‍ സദ്യ എത്തിക്കാനുള്ള ക്രമീകരണങ്ങളുണ്ട്. ഉത്രാടത്തിനാണ് ഏറ്റവും കൂടുതല്‍ ബുക്കിംഗ് ലഭിച്ചിരിക്കുന്നത്. വിവിധയിടങ്ങളിലെ സിഡിഎസ് വോളണ്ടിയര്‍മാരാണ് ബുക്കിംഗ് സ്വീകരിക്കുന്നത്. വിഭവങ്ങളുടെയും ഓര്‍ഡറുകളുടെയും എണ്ണമനുസരിച്ച് നിരക്കില്‍ വ്യത്യാസമുണ്ട്.
കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം
കോട്ടയം: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ മൂന്നുമുതല്‍ എട്ടുവരെ തിരുനക്കര മൈതാനത്ത് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ജില്ലയിലെ കലാകാരന്മാര്ക്കും സ്കൂള്‍/കോളജ് വിദ്യാര്‍ഥികള്‍ക്കും അവസരം. താത്പര്യമുള്ളവര്‍ ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0481 2560479.
ദര്‍ശന കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച് സെപ്റ്റംബര്‍ ഏഴിന് രാവിലെ 11ന് തിരുവാതിരകളി മത്സരവും വൈഎംസിഎ, ഗാന്ധിനഗര്‍ റോട്ടറി ക്ലബ്ബുമായി സഹകരിച്ച് കോട്ടയം വൈഎംസിഎ ഹാളില്‍ രാവിലെ ഒന്‍പത് മുതല്‍ 12 വരെ അത്തപ്പൂക്കള മത്സരവും നടത്തും. ഫോൺ 9400896783, 9447124222, 9400509367.
സ്നേഹസംഗമം
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിക്കുസമീപം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന മാര്‍ ഗ്രിഗോറിയോസ് കാരുണ്യനിലയത്തില്‍ ഓണത്തോടനുബന്ധിച്ച് സ്നേഹസംഗമം നടന്നു. കാരുണ്യനിലയം മാനേജിംഗ് ട്രസ്റ്റി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പുന്നൂസ് കൗണ്‍സിലിംഗ് ക്ലാസ് എടുത്തു.
രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകളും ഓണക്കിറ്റുകളും വിതരണം ചെയ്തു. സര്‍ജിക്കല്‍ വിഭാഗത്തിലേക്കുള്ള പുതിയ വീല്‍ചെയറുകളും സ്ട്രെച്ചറുകളും കാതോലിക്കാ ബാവ മെഡിക്കൽ കോളജ് പ്രിന്‍സിപ്പലിനു കൈമാറി. കാരുണ്യനിലയം സെക്രട്ടറി ഫാ. ബിറ്റു കെ. മാണി, ട്രഷറര്‍ ഫാ. ജോണ്‍ കോര്‍എപ്പിസ്കോപ്പ ചിറത്തിലാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.