വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹം എഫ്സിസി ഏറ്റെടുത്തിട്ട് 50 വര്‍ഷങ്ങള്‍
1587939
Saturday, August 30, 2025 7:30 AM IST
കോട്ടയം: കുടമാളൂരിലുള്ള വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹം ഫ്രാന്‍സിസ്കന്‍ ക്ലാരസഭ ഏറ്റെടുത്തിട്ട് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓര്‍മകള്‍ തുടിക്കുന്ന ഈ ഭവനം പരിപാവനവും പൂജ്യവുമായി പഴക്കവും തനിമയും പാരമ്പര്യവും കൈവിടാതെ ഫ്രാന്‍സിസ്കന്‍ ക്ലാരസഭ സന്യാസിനികള്‍ സൂക്ഷിക്കുന്നു. അനേകരുടെ അഭയകേന്ദ്രവും പ്രാര്‍ഥനാ ഭവനവുമാണ് ഇന്ന് അല്‍ഫോന്‍സാ ഭവന്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മൂത്തസഹോദരി മുട്ടത്തുപാടത്ത് പെണ്ണമ്മയുടെ ഇളയമകള്‍ തെറമ്മയില്നിന്നാണ് ഭവനം ഏറ്റെടുക്കുന്നത്.
1975 സെപ്റ്റംബര്‍ എട്ടു മുതല്‍ സന്യാസിനികള്‍ ഇവിടെ താമസം തുടങ്ങി. അല്‍ഫോന്‍സാമ്മ ജനിച്ച മുറി, കട്ടില്, കുട്ടിക്കാലത്ത് ഉപയോഗിച്ച വസ്തുക്കള്‍, അല്‍ഫോന്‍സാമ്മയുടെ പിതാവ് ജോസഫ് മരുന്നുണ്ടാക്കാന്‍ ഉപയോഗിച്ച പഞ്ചലോഹത്തില്‍ പൊതിഞ്ഞ കല്ല് തുടങ്ങിയ ഇവിടെ പൂജ്യമായി സൂക്ഷിക്കുന്നു.
കഴിഞ്ഞ 37 വര്‍ഷമായി ഓഗസ്റ്റ് മാസത്തില്‍ ചങ്ങനാശേരി അതിരൂപത മിഷന് ലീഗിന്റെ ആഭിമുഖ്യത്തില്‍ അല്‍ഫോന്‍സാ ജന്മഗൃഹത്തിലേക്ക് കുട്ടികളും മുതിര്‍ന്നവരും അല്‍ഫോന്‍സാ തീര്‍ഥാടനം നടത്തിവരുന്നു.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മദിന തിരുനാള്‍ ഓഗസ്റ്റ് 19ന് 10 ദിവസം നീണ്ടുനില്‍ക്കുന്ന നവനാള്‍ പ്രാര്‍ഥനയോടെ ഇവിടെ ആഘോഷിക്കുന്നു. ഓരോ ദിവസവും നിരവധി തീര്‍ഥാടകരാണ് ജന്മഗൃഹം സന്ദര്‍ശിക്കുന്നതിനും പ്രാര്‍ഥിക്കുന്നതിനുമായി ഇവിടെയെത്തുന്നത്. സിസ്റ്റര്‍ എലൈസ് മേരിയാണ് ഇപ്പോള്‍ സുപ്പീരിയറായി പ്രവര്‍ത്തിക്കുന്നത്.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ കൃതജ്ഞതാബലിയും പൊതുസമ്മേളനവും നടക്കും. രാവിലെ 11ന് വിശുദ്ധ കുര്‍ബാന. തുടര്‍ന്നു നടക്കുന്ന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. എഫ്സിസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലിറ്റി എഫ്സിസി അധ്യക്ഷത വഹിക്കും.
കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടനകേന്ദ്രം ആര്‍ച്ച്പ്രീസ്റ്റ് ഫാ. ജോയി മംഗലത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മാന്നാനം ആശ്രമം പ്രിയോര്‍ റവ. ഡോ. കുര്യന് ചാലങ്ങാടി സിഎംഐ, ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്, സെന്റ് മൈക്കിള്‍സ് വാര്‍ഡ് പ്രസിഡന്റ് റോയി സേവ്യര്‍, ചങ്ങനാശേരി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബ്രിജി എഫ്സിസി, അല്‍ഫോന്‍സാ ഭവന് സുപ്പീരിയര്‍ സിസ്റ്റര്‍ എലൈസ് മേരി എഫ്സിസി എന്നിവര്‍ പ്രസംഗിക്കും.
സമ്മേളനത്തോടനുബന്ധിച്ച് ചങ്ങനാശേരി സെന്റ് ആന്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനികൾ അവതരിപ്പിക്കുന്ന നൃത്തശില്പവും ഉണ്ടായിരിക്കും.