തനിമയില്‍ ഒരുമയില്‍ ധന്യമായി കോട്ടയം അതിരൂപത ദിനാഘോഷം
1587971
Sunday, August 31, 2025 2:25 AM IST
കോട്ടയം: പുരാതന പാട്ടുകളും നടവിളികളും നിറഞ്ഞ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ധന്യന്‍ മാര്‍ മാത്യു മാക്കീലിന്റെ പുണ്യ കബറിടം സ്ഥിതി ചെയ്യുന്ന ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ നടത്തപ്പെട്ട 115-ാമത് കോട്ടയം അതിരൂപത ദിനാഘോഷങ്ങള്‍ വൈദികരുടെയും സമര്‍പ്പിതരുടെയും സമുദായാംഗങ്ങളുടെയും സാന്നിധ്യത്താല്‍ ധന്യമായി.
ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അതിരൂപത ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമൂഹബലിയില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടില്‍, സിഞ്ചെല്ലൂസ് ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കൂരിയ അംഗങ്ങള്‍, അതിരൂപതയിലെ വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായി.
ധന്യന്‍ മാര്‍ മാത്യു മാക്കീലിന്റെ ദീപ്തമായ സ്മരണയിലായിരുന്നു അതിരൂപത ദിനാഘോഷം. മാക്കീല്‍ പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന ഇടയ്ക്കാട്ട് പള്ളിയില്‍ നടന്ന അതിരൂപതദിനാഘോഷത്തെ ക്നാനായ സമൂഹം വലിയ ആഘോഷത്തോടെയാണു വരവേറ്റത്.
പൊതുസമ്മേളനത്തില്‍ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തി. വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിച്ചു.
പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സാബു കരിശേരിക്കല്‍, പാസ്റ്ററല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട്, പ്രെസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ഏബ്രഹാം പറമ്പേട്ട്, കെസിസി അതിരൂപത പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, കെസിഡബ്ല്യുഎ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, സമര്‍പ്പിത സമൂഹങ്ങളുടെ പ്രതിനിധി സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്വിഎം, കെസിവൈഎല്‍ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ സ്വാഗതവും പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടില്‍ കൃതജ്ഞതയും പറഞ്ഞു.
പാരമ്പര്യവും തനിമയും സംരക്ഷിക്കുന്നത് പ്രശംസനീയം: മാര്‍ തോമസ് തറയില്‍
കോട്ടയം: പാരമ്പര്യവും തനിമയും സംരക്ഷിക്കാനുള്ള ക്നാനായ സമുദായത്തിന്റെ താത്പര്യം പ്രശംസനീയമാണെന്ന് ആർച്ച്ബിഷപ് മാർ തോമസ് മാര്‍ തോമസ് തറയില്‍ വചനസന്ദേശത്തിൽ പറഞ്ഞു. സുവിശേഷം പ്രസംഗിക്കാനും സുവിശേഷത്തിനു സാക്ഷികളാകാനും നമുക്ക് കഴിയണം. ക്നാനായ സമൂഹത്തിലെ പ്രേഷിത ചൈതന്യം പ്രശംസനീയമാണ്. ആഗോള സഭയിൽ അനേകം മിഷണറിമാരെ സംഭാവനചെയ്യാൻ കോട്ടയം അതിരൂപതയ്ക്കു കഴിഞ്ഞിട്ടുണ്ട്.

മാറുന്ന രാഷ്ട്രീയ സാഹചര്യത്തിലും വര്‍ഗീയ ചിന്തകള്‍ ഏറി വരുന്ന കാലഘട്ടത്തിലും ക്രിസ്ത്യാനിയെ യൂറോപ്പില്‍നിന്നു വന്നവരാണെന്ന് ആക്ഷേപിക്കുമ്പോഴും ക്നാനായ സമൂഹം ഇവിടെ നാലാം നൂറ്റാണ്ടു മുതല്‍ നിലനില്ക്കുന്നു എന്നത് നമ്മുടെ രാജ്യത്തിനുതന്നെ അഭിമാനിക്കാവുന്ന മതസൗഹാര്‍ദത്തിന്റെയും ബഹുസ്വരതയുടെയും ചരിത്രം കൂടിയാണ്.
പീഡനങ്ങള്‍ നമ്മെ തളര്‍ത്തരുത്. പീഡനങ്ങളില്‍ സുവിശേഷം പ്രസംഗിക്കാനുള്ള അവസരമായി കാണണം. ചങ്ങനാശേരി വികാരി അപ്പസ്തോലിക്കാ എന്ന നിലയിലുള്ള മാർ മാത്യു മാക്കീലിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളസഭയുടെ ചരിത്രത്തില്‍ ഏറ്റവും ആദരിക്കപ്പെടേണ്ടതാണന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
ക്നാനായ സമുദായം കേരളസഭയുടെ അവിഭാജ്യഘടകം: മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: ക്നാനായ സമുദായം കേരളസഭയുടെ അവിഭാജ്യ ഘടകമാണെന്നും അതിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു ചരിത്രവും പൂര്‍ണമാകില്ലെന്നും ചരിത്രത്തോട് നീതി പുലര്‍ത്തുകയില്ലെന്നും അതിരൂപതാ ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു.

സമുദായത്തിന്റെ നിലനില്പ് പ്രധാനമാണ്. അതിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ എവിടെനിന്നു വന്നാലും അംഗീകരിക്കാന്‍ കഴിയില്ല. സ്വവംശവിവാഹനിഷ്ഠ പാലിച്ചു മുന്നോട്ടുപോകാന്‍ കുട്ടികളെ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. നല്ല കുടുംബങ്ങളും നല്ല ദൈവവിളികളും ഉണ്ടായാല്‍ മാത്രമേ സമുദായത്തെ സ്വദേശത്തും വിദേശത്തും നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കഴിയുകയുള്ളൂ. ഇന്ത്യയിലെവിടെയും ക്നാനായക്കാര്‍ക്കുവേണ്ടി പള്ളികള്‍ സ്ഥാപിക്കുന്നതിനും അജപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തടസമില്ലെന്ന് ആര്‍ച്ച്ബിഷപ് പഞ്ഞു.