ചങ്ങനാശേരിക്ക് അഭിമാനിക്കാം, നെഹ്റു ട്രോഫിയില്‍ മുത്തമിട്ട് വിബിസി
1588169
Sunday, August 31, 2025 7:17 AM IST
ചങ്ങനാശേരി: ചങ്ങനാശേരിക്ക് അഭിമാനിക്കാം; പുന്നമടക്കായലിന്റെ വിരിമാറില്‍ ആവേശത്തുഴയെറിഞ്ഞ് 71-ാമത് നെഹ്റു ട്രോഫി കരസ്ഥമാക്കിയത് വീയപുരം വിബിസി കൈനകരിയെങ്കില് ഈ ചുണ്ടനെ ക്യാപ്റ്റനായി നയിച്ചത് ചങ്ങനാശേരിക്കാരന്‍ പുല്ലുകാട്ട് ബിഫി വര്‍ഗീസ്. ചങ്ങനാശേരി നഗരസഭാ മുന്‍ ചെയര്മാന് പി.പി. ജോസ് പുല്ലുകാട്ടിന്റെ സഹോദരപുത്രനാണ് പ്രവാസി മലയാളിയായ ബിഫി വര്‍ഗീസ്. ചങ്ങനാശേരി സ്വദേശി നേതൃത്വം നല്കിയ ചുണ്ടൻ നെഹ്റുട്രോഫി നേടുന്നത് ഇതാദ്യമാണ്.
ബിഫി ക്യാപ്റ്റനായുള്ള വില്ലേജ് ബോട്ട് ക്ലബ് കൈനകരിയുടെ ലീഡിംഗ് ക്യാപ്റ്റൻ രഞ്ജിത്തായിരുന്നു. ഇവരുടെ നേതൃത്വത്തില്‍ 85 തുഴച്ചില്‍കാര്‍ ദിവസങ്ങളോളം നടത്തിയ തീവ്രപരിശ്രമത്തിലാണ് നെഹ്റുവിന്റെ കൈയ്യൊപ്പണിഞ്ഞ ആ വെള്ളിക്കപ്പ് ഇപ്രാവശ്യം വീയപുരം വില്ലേജ് ബോട്ട് ക്ലബ് സ്വന്തമാക്കിയത്.
ബിഫി വർഗീസ് പുല്ലുകാട് കേരള ഹാൻഡ് ബോൾ അസോസിയേഷൻ ചെയർമാനും ഓൾ ഹാൻഡ് ബോൾ അസോസിയേഷൻ വൈസ് ചെയർമാനുമാണ്.