നഗരത്തിൽ കുരുക്കോടു കുരുക്ക്; അധികാരികള്‍ ഉണരണം
1588164
Sunday, August 31, 2025 7:17 AM IST
ചങ്ങനാശേരി: ചങ്ങനാശേരി നഗരം കുരുക്കോട് കുരുക്കില്‍. ഓണദിനങ്ങള്‍ അടുത്തതോടെ കുരുക്കു മുറുകുന്നു. എന്‍എച്ച്-183 (എംസി റോഡില്‍) പെരുന്ന മുതല്‍ എസ്ബി കോളജ് ജംഗ്ഷന് വരെയും വാഴൂര്‍ റോഡില്‍-സെന്‍ട്രല്‍ ജംഗ്ഷന് മുതല്‍ കുരിശുംമൂടു വരെയുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്.
ആലപ്പുഴ റോഡ് സംഗമിക്കുന്ന പെരുന്ന റെഡ്സ്ക്വയര്‍, കവിയൂര്‍ റോഡ് എത്തുന്ന രാജേശ്വരി, ഉദയഗിരി ജംഗ്ഷനില്‍നിന്നുള്ള വാഹനങ്ങളെത്തുന്ന മുനിസിപ്പല്‍, ടിബി റോഡ് സംഗമിക്കുന്ന ഹെഡ്പോസ്റ്റ് ഓഫീസ് ജംഗ്ഷനുകളിലുണ്ടാകുന്ന ഗതാഗത തടസമാണ് പെരുന്ന മുതല്‍ എസ്ബി കോളജു വരെയുള്ള ഗതാഗതക്കുരുക്കിനു കാരണം.
കുരിശുംമൂട് ജംഗ്ഷനിലെ തടസങ്ങളും റെയില്‍വേ ബൈപാസ് ജംഗ്ഷനുകളിലെ പ്രശ്നങ്ങളും മാര്‍ക്കറ്റ് റോഡിലെ കുരുക്കും നഗരത്തെ കുരുക്കിലേക്കു നയിക്കുന്നുണ്ട്.
കെഎസ്ആര്‍ടിസി, മുനിസിപ്പല്‍ ജംഗ്ഷനുകളില്‍ പോലീസുകാരുടെ സേവനം ഉറപ്പാക്കണം
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നിര്‍മാണം നടക്കുന്നതിനാല്‍ കോട്ടയം ഭാഗത്തേക്കുള്ള ബസുകള്‍ ബസ് സ്റ്റാന്‍ഡിനു മുമ്പിലും തിരുവല്ല ഭാഗത്തേക്കുള്ള ബസുകള്‍ മുനിസിപ്പല്‍ ഓഫീസിനു മുന്പിലുമാണ് നിര്‍ത്തുന്നത്.
ഇവിടങ്ങളില്‍ ബസുകള്‍ തോന്നിയപടി നിര്‍ത്തുന്നത് ഗതാഗത തടസത്തിനു കാരണമാകുന്നുണ്ട്. ഒരു ബസിനു പാരലലായി മറ്റൊരു ബസുകൂടി നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ഗതാഗതക്കുരുക്കിനൊപ്പം ആളുകള്‍ ബസുകള്ക്കിടയില്പ്പെടാനും കാരണമാകും.
മുനിസിപ്പല്‍ ജംഗ്ഷനിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ തമ്മിലുള്ള തര്‍ക്കത്തിലും വാക്കേറ്റത്തിലും എത്തുന്നുണ്ട്.
ഇന്നലെ വൈകുന്നേരം മുനിസിപ്പല്‍ ജംഗ്ഷനില്‍ വാക്കേറ്റവും ചീത്തവിളിയുമുണ്ടായി. പോലീസ് എത്തിയാണ് ഗതാഗതകുരുക്കഴിച്ചത്. നഗരത്തിലെ കുരുക്കഴിച്ച് ഓണക്കാലത്ത് യാത്ര സുഗമമാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന അഭിപ്രായമാണ് ഉയരുന്നത്.