പട്ടിത്താനം-മണർകാട് ബൈപാസിൽ അമിതവേഗത്തിന് പൂട്ടിടണം
1588152
Sunday, August 31, 2025 7:07 AM IST
ഏറ്റുമാനൂർ: പട്ടിത്താനം - മണർകാട് ബൈപാസ് റോഡിൽ വാഹനങ്ങൾ അമിതവേഗത്തിൽ പായുന്നത് തുടർച്ചയായ അപകടങ്ങൾക്ക് ഇടയാക്കുന്നു. വേഗനിയന്ത്രണത്തിന് അടിയന്തര നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു.
നിലവിൽ സിഗ്നൽ സംവിധാനങ്ങളില്ലാത്ത പട്ടിത്താനം റൗണ്ടാന ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകളും ദിശാ ബോർഡുകളും സ്ഥാപിക്കണമെന്ന് പൊതുപ്രവർത്തകൻ വിഷ്ണു ചെമ്മുണ്ടവള്ളി ആവശ്യപ്പെട്ടു. ബൈപാസ് റോഡിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ കാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ സർക്കാരും പോലീസ് അധികൃതരും അടിയന്തര നടപടി സ്വീകരിക്കണം.
തിരക്കേറിയ തവളക്കുഴി ജംഗ്ഷനിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനും ഗതാഗതം നിയന്ത്രിക്കാനും പോലീസിനെ നിയോഗിക്കണം. ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ കിഴക്ക്, വടക്ക് ഭാഗങ്ങളിൽനിന്ന് പ്രവേശിക്കുന്ന ക്രോസ് റോഡുകളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണം.
എംസി റോഡിലൂടെയും എറണാകുളം ഭാഗത്തുനിന്നും എട്ടുനോമ്പാചരണത്തിൽ പങ്കെടുക്കാൻ മണർകാട് പള്ളിയിലേക്ക് ഈ ദിവസങ്ങളിൽ വിശ്വാസികൾ കൂടുതലായി വാഹനങ്ങളിൽ പോകുമെന്നതിനാൽ പട്ടിത്താനം-മണർകാട് ബൈപാസ് റോഡിൽ വാഹനങ്ങളുടെ അമിത വേഗമ നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും വിഷ്ണു ചെമ്മുണ്ടവള്ളി ആവശ്യപ്പെട്ടു.