നെഹ്റു ട്രോഫിക്ക് പത്തുകോടി: മന്ത്രി
1588154
Sunday, August 31, 2025 7:07 AM IST
ആലപ്പുഴ: നവകേരള സദസിന്റെ ഭാഗമായി നെഹ്റു ട്രോഫി പവലിയന് ഏഴു കോടി രൂപ അനുവദിച്ചതായി ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പി.പി. ചിത്തരഞ്ജന് എംഎല്‍എ രണ്ടു കോടി രൂപയും ടൂറിസം വകുപ്പ് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇത്തവണ അങ്ങനെ ആകെ 10 കോടി രൂപയാണ് വള്ളംകളിയ്ക്കായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
ചരിത്രത്തിലാദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ വള്ളംകളിക്കായി ഇത്രയും തുക അനുവദിക്കുന്നത്. കേരളത്തിന്റെ പ്രധാനപ്പെട്ട ടൂറിസം ഉത്പന്നമായി നെഹ്റു ട്രോഫി വള്ളം കളിയെ മാറ്റും എന്നും എഴുപത്തിയൊന്നാമത് നെഹ്റു ട്രോഫി വള്ളം കളി നെഹ്റു പവലിയനില്‍ ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ കുതിപ്പാകുന്ന ഈ വള്ളം കളികണ്ണിലെ കൃഷ്ണമണിപോലെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കും. ഇതിനോടൊപ്പം അധികം വൈകാതെതന്നെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആലപ്പുഴയില്നിന്നുതന്നെയായിരിക്കും ആരംഭിക്കുക എന്നും മന്ത്രി പറഞ്ഞു.
എട്ടു വള്ളങ്ങളില്‍ തുടങ്ങിയ ഈ വള്ളംകളിയില്‍ ഇന്ന് പങ്കെടുക്കുന്നത് 21 ചുണ്ടന് വള്ളങ്ങള്‍ ഉള്‍പ്പെടെ 71 വള്ളങ്ങളാണ്. ഇത് ഏറെ ആവേശകരമായ അനുഭവമാണ്. ഈ വള്ളംകളിയെ വലിയ പ്രാധാന്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കണ്ടിട്ടുള്ളത്.
ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും സംയുക്തമായി 30 ടണ്‍ മാലിന്യം വേമ്പനാട് കായലില്‍നിന്നു നീക്കം ചെയ്തത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. കേരളം ലോകത്തിനു കാഴ്ചവയ്ക്കുന്ന മഹത്തായൊരു ദൃശ്യാനുഭവമാണ് പുന്നമടക്കായലിലെ ഈ ജലോത്സവമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.
ഒരു ജനതയുടെ അധ്വാനത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകംകൂടിയാണ് ഈ ജലോത്സവമെന്നും അദ്ദേഹം പറഞ്ഞു. വള്ളങ്ങളുടെ മാസ്ഡ്രില്‍ സിംബാബ്വേ വ്യവസായ വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദി ഫ്ളാഗ് ഓഫ് ചെയ്തു.
വള്ളംകളി മേഖലയ്ക്കു വിശിഷ്ട സംഭാവനകള്‍ നല്കിയ മുന്‍ എംഎല്‍എ സി.കെ. സദാശിവന്, കെ.എം അഷ്റഫ്, ഉമാ മഹേശ്വരന് ആചാരി എന്നിവരെ മന്ത്രിമാരായ മുഹമ്മദ് റിയാസും പി. പ്രസാദും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ആദരിച്ചു.