ജലമാണ് ജീവന് ജനകീയ കാമ്പയിന് ഒന്നാം ഘട്ടത്തിനു തുടക്കം
1588157
Sunday, August 31, 2025 7:07 AM IST
കോട്ടയം: ജലജന്യ രോഗപ്രതിരോധം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു ജലമാണ് ജീവന് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ജനകീയ തീവ്രയജ്ഞ പരിപാടിയുടെ ഒന്നാം ഘട്ടത്തിനു ജില്ലയില്‍ തുടക്കമായി. തിരുവാര്‍പ്പില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം നിര്‍വഹിച്ചു.
തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്.അനീഷ് അധ്യക്ഷത വഹിച്ചു. കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കിണറുകളിലും ക്ലോറിനേഷന് നടത്തും. അമീബിക് മസ്തിഷ്കജ്വരം പോലുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന സൂക്ഷ്മജീവികളെ പ്രതിരോധിക്കാനാണ് ആദ്യഘട്ടത്തില്‍ കിണറുകളില്‍ ക്ലോറിനേഷന് നടത്തുന്നത്.
പൈപ്പുവെള്ളം ഉപയോഗിക്കുന്നവര്‍ ടാങ്കുകള്‍ ക്ലോറിനേറ്റ് ചെയ്യണം. പൊതുകിണറുകളും ക്ലോറിനേറ്റ് ചെയ്യുന്നതിന് നടപടി സ്വീകരിക്കും. കിണറുകളില്‍ നിലവിലുള്ള വെള്ളത്തിന്റെ അളവനുസരിച്ച് ശാസ്ത്രീയമായ ക്ലോറിനേഷനാണ് നടത്തുന്നത്. ഇതിനു വേണ്ട ബ്ലീച്ചിംഗ് പൗഡറും ക്ലോറിന്‍ ഗുളികകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കും.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിനു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സജിമോന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ആര്. അജയ്, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അജയന് കെ. മേനോന്, പഞ്ചായത്ത് സെക്രട്ടറി രാജശ്രീ, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജെസി സെബാസ്റ്റ്യന്‍, നവകേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.എസ്. ഷൈന്‍, വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.