ഓണവിപണി ഉഷാറായി; തിരക്കേറിത്തുടങ്ങി
1587969
Sunday, August 31, 2025 2:25 AM IST
കാഞ്ഞിരപ്പള്ളി: ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. മിക്കയിടങ്ങളിലും ഓണവിപണികൾ സജീവമായി. പഞ്ചായത്ത്, കൃഷിവകുപ്പ്, സർവീസ് സഹകരണ ബാങ്കുകൾ തുടങ്ങിയവയുടെ ഓണവിപണികളും തുറന്നിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സെപ്റ്റംബർ രണ്ടുമുതൽ നാലുവരെ കുരിശുങ്കൽ വഴിയോര വിശ്രമകേന്ദ്രത്തിൽ ഓണച്ചന്ത ആരംഭിക്കും.
കാഞ്ഞിരപ്പള്ളി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡിന്റെ 12 ഇനം സബ്സിഡി സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റ് വിതരണം നാളെ നടക്കും. ഉദ്ഘാടനം രാവിലെ 10ന് ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ നിർവഹിക്കും.
രാവിലെ പത്തുമുതൽ ഹെഡ് ഓഫീസ് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി ബ്രാഞ്ചുകളിലും കിറ്റ് വിതരണം നടത്തും. അവശ്യമുള്ളവർ റേഷൻ കാർഡ് കോപ്പിയുമായി വരണമെന്ന് സെക്രട്ടറി അറിയിച്ചു.
കുറഞ്ഞ വിലയിൽ
ചിറക്കടവ് പഞ്ചായത്ത്, കൃഷിഭവൻ എന്നിവ സംയുക്തമായി നാളെമുതൽ നാലുവരെ ചിറക്കടവ് കൃഷിഭവനിൽ ഓണവിപണി നടത്തും. വിപണിയിലെ മൊത്തവിലയേക്കാൾ 10 ശതമാനം അധികം നൽകി കർഷകരിൽനിന്നു പച്ചക്കറി സംഭരിക്കുന്നുണ്ട്. വിപണിയിലെ ചില്ലറ വില്പന വിലയേക്കാൾ 30 ശതമാനം കുറഞ്ഞ വിലയ്ക്കു പൊതുജനങ്ങൾക്കു നൽകും.
എരുമേലിയിൽ കൃഷിവകുപ്പ് കർഷകരിൽനിന്നു കൂടിയ വിലയ്ക്കു വിഷരഹിത നാടൻ പച്ചക്കറി വാങ്ങി വില കുറച്ചു വിൽക്കുന്ന ഓണവിപണി തുറക്കും. കാർഷികവിളകൾക്കു വിപണിയിലെ വിലയേക്കാൾ പത്തു ശതമാനം കൂടുതൽ വില നൽകി കർഷകരിൽനിന്നു വാങ്ങാനാണ് തീരുമാനം. ഇതിനായി വിളകൾ നൽകാൻ ഇന്നുകൂടി അവസരമുണ്ട്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമുതൽ എരുമേലി ടൗണിൽ ചാലക്കുഴി കെട്ടിടത്തിലാണ് കൃഷി വകുപ്പിന്റെ ഓണവിപണി തുടങ്ങുന്നത്. സെപ്റ്റംബർ നാലു വരെയാണ് വിപണിയുടെ പ്രവർത്തനം.
കൃഷിവകുപ്പ് ഇന്നുകൂടി വിളകൾ സംഭരിക്കും
വിപണി വിലയേക്കാൾ പത്തു ശതമാനം കൂടുതൽ വില നൽകി കർഷകരിൽനിന്ന് ഇന്നു കൂടി കൃഷിവകുപ്പ് വിളകൾ സംഭരിക്കും. വിവിധ ഇനം വാഴക്കുലകൾ, കപ്പ, ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയും വെണ്ട, പാവയ്ക്ക, കോവയ്ക്ക, മത്തങ്ങ, പടവലങ്ങ, പയർ, ബീൻസ്, തക്കാളി, ചീര, കുമ്പളങ്ങ, വെള്ളരിങ്ങ, മുരിങ്ങ, പച്ചമുളക് തുടങ്ങിയ വിവിധ ഇനങ്ങളിലുള്ള നാടൻ പച്ചക്കറികളും ഇന്നുകൂടി വാങ്ങി സംഭരിക്കും. ഫോൺ: 8848655607.