വല്യമ്മാവന്റെ പാത പിന്തുടർന്ന് മാവേലിയായി ഋതുരാഗ്
1588163
Sunday, August 31, 2025 7:17 AM IST
മറവൻതുരുത്ത്: ഒന്നര പതിറ്റാണ്ടോളം മഹാബലിചക്രവർത്തിയായി വേഷമിട്ട വലിയമ്മാവന്റെ സ്മരണയ്ക്ക് മാവേലിയായി പത്തുവയസുകാരൻ ഋതുരാഗ്.
മറവൻതുരുത്തിലെ യുവധാര ആർട്സ് ക്ലബ്ബിന്റെ തിരുവോണം സാംസ്കാരിക ഘോഷയാത്രയിൽ 15വർഷം മാവേലിയായി വിരാജിച്ചത് നാട്ടുകാരുടെ പ്രിയങ്കരനായ കുട്ടേട്ടനെന്ന് വിളിച്ചിരുന്ന ശാന്താ ഭവനത്തിൽ ചന്ദ്രശേഖരപ്പണിക്കരായിരുന്നു.
അദ്ദേഹത്തിന്റെ മരണത്തിനുശേഷം എട്ടുവർഷങ്ങൾ കഴിഞ്ഞ് വലിയമ്മാവന്റെ പാത പിന്തുടർന്ന് സഹോദരി പുത്രൻ ഋതുരാഗ് പാരമ്പര്യം കാത്ത് ജൂണിയർ മാവേലിയായി.
സ്കൂളിലെ ഓണാഘോഷത്തിനു ഗരിമ കൂട്ടാൻ ഋതുരാഗ് മാവേലിയായി വേഷംകെട്ടിയെത്തിയപ്പോൾ മറവൻതുരുത്തുകാരുടെ മനസിൽ മഹാബലി ചക്രവർത്തിയായി ജ്വലിച്ചു നിൽക്കുന്ന കുട്ടേട്ടന്റെ ചിത്രം തെളിഞ്ഞു.