ഉഴവൂർ കണ്ണോത്തുകുളത്ത് കുട്ടികൾക്ക് പാർക്ക് ഒരുങ്ങുന്നു
1587964
Sunday, August 31, 2025 2:25 AM IST
ഉഴവൂർ: പഞ്ചായത്തിലെ കണ്ണോത്തുകുളത്ത് കുട്ടികൾക്കായി പാർക്ക് ഒരുങ്ങുന്നു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബിന്റെ നേതൃത്വത്തിലാണ് പാർക്ക് നിർമിക്കുന്നത്.
പഞ്ചായത്തിലെ ചിറയിൽകുളത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തുകളുടെയും എംപി, എംഎൽഎ എന്നിവരുടെയും ഫണ്ട് ലഭ്യമാക്കി നിർമിച്ച ഹാപ്പിനെസ് പാർക്കിൽ വിനോദത്തിനും വ്യായാമത്തിനുമായി നൂറുകണക്കിനാളുകൾ എത്തുന്ന സാഹചര്യത്തിലാണ് ബ്ലോക്ക് പരിധിയിൽ പുതിയ പാർക്ക് ഒരുക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷം 12 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഏഴു ലക്ഷം രൂപയും ഈ പദ്ധതിക്കായി വകയിരുത്തിയിരുന്നു. കണ്ണോത്തുകുളം നവീകരണം, ശുചിത്വസമുച്ചയം നിർമാണം, തോട് സംരക്ഷണം, ഓട നിർമാണം എന്നീ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടത്തിയിരുന്നു. ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ചിൽഡ്രൻസ് പാർക്കിന് ഉപകരണങ്ങൾ വാങ്ങാൻ മൂന്നു ലക്ഷം രൂപയും പാർക്കിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി 1.50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ടെന്ന് ഡോ. സിന്ധുമോൾ ജേക്കബ് പറഞ്ഞു.
കുട്ടികൾക്കുള്ള ഊഞ്ഞാൽ, മെറിഗോ റൗണ്ട്, റോക്കർ ഫിഷ്, ടണൽ സ്ലൈഡർ, ഡ്രാഗൺ വാക്ക് എന്നിവയാണ് പാർക്കിൽ ലക്ഷ്യമിടുന്നത്. എംസി റോഡിൽനിന്നു രണ്ടു കിലോമീറ്റർ ദൂരത്തിനുള്ളിലെന്നതും ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമെന്നതും കാരണം കൂടുതൽ ആളുകൾക്ക് പാർക്കിന്റെ പ്രയോജനം നേടാനാകുമെന്ന വിലയിരുത്തലുമുണ്ട്.