കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരിയില്‍ ഓണം വിപണനമേളയ്ക്കു തുടക്കം
1588165
Sunday, August 31, 2025 7:17 AM IST
ചങ്ങനാശേരി: നഗരത്തിലെ ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള പുതൂര്‍പ്പള്ളി കോംപ്ലക്സില്‍ നഗരസഭാ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജില്ലാതല ഓണം വിപണനമേള ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വിലക്കയറ്റത്തെ നിയന്ത്രിക്കുന്നതിലും ജനങ്ങള്‍ക്ക് ആരോഗ്യപ്രദമായ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിലും കുടുംബശ്രീ മേളകള്‍ വലിയ പങ്കു വഹിക്കുന്നതായി എംഎല്‍എ പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്റെയും നബാര്‍ഡിന്റെയും സഹകരണത്തോടെയാണ് ഓണം കുടുംബശ്രീക്കൊപ്പം എന്ന ടാഗ് ലൈനോടെയുള്ള ജില്ലാ തല മേള സെപ്റ്റംബര്‍ മൂന്നു വരെ നടക്കും.
നഗരസഭാ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് ആദ്യ വില്പനയും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. നിസാര്‍ കുടുംബശ്രീ കരുതല്‍ കിറ്റ് വിതരണവും നടത്തി.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോബ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടെസാ വര്‍ഗീസ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സുജാത രാജു, കൗണ്‍സിലര്‍മാരായ ഉഷാ മുഹമ്മദ് ഷാജി, റെജി കേളമ്മാട്ട്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ജോബി ജോണ്‍, എന്‍യുഎല്‍എം മാനേജര്‍ അജിത് എസ്. എന്നിവര്‍ പ്രസംഗിച്ചു.
കുടുംബശ്രീ സംരംഭകര്‍ക്കു വരുമാനം ലഭ്യമാക്കുന്നതിനായി 15 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്ന 1500 കരുതല്‍ കിറ്റുകള്‍ ആണ് 750 രൂപ നിരക്കില്‍ ഓണം മേള വേദിയില്‍ വിതരണം ചെയ്യുന്നത്. ചങ്ങനാശേരി നഗരസഭയിലെയും മാടപ്പള്ളി ബ്ലോക്കിലേയും 40ൽ അധികം സംരംഭകരുടെ 100നു മുകളിൽ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്.
ചിപ്സുകള്‍, വിവിധ തരം അവലുകള്, രസക്കൂട്ടുകള്‍
ശുദ്ധമായ വെളിച്ചെണ്ണയില്‍ തയാറാക്കിയ ചിപ്സ്, നാടന്‍ പലഹാരങ്ങള്‍, കറിപൗഡറുകള്‍, മസാലകള്‍, ധാന്യപ്പൊടികള്‍, റാഗി അവല്, ചെറുപയര്‍ അവല്, മുതിര അവല്, ഗോതമ്പ് അവല്, ശര്‍ക്കരപ്പൊടി, അച്ചാര്‍ പൊടി, രസക്കൂട്ട്, തേയില, കാപ്പിപ്പൊടി, പുളി, പപ്പടം, സോപ്പ്, ലോഷനുകള്‍, സോപ്പ് ഉത്പന്നങ്ങള്‍, വീട്ടിലേക്കുള്ള ഇരുമ്പുല്പന്നങ്ങള്, വിവിധയിനം തവകള്, നാടന്‍ ഏത്തക്കുല, പച്ചക്കറികള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്.
മുപ്പതോളം അച്ചാറുകളും മേളയിൽ
മുപ്പതോളം അച്ചാറുകളുടെ അച്ചാര്മേളയും പായസമേളയും ഒരുക്കിയിട്ടുണ്ട്. ചായ, സ്നാക്ക്സ് കൗണ്ടറും തയാറാണ്. പാളയിലും തുണിയിലും പേപ്പറിലും തയാറാക്കിയ മനോഹരമായ കരകൗശല വസ്തുക്കളും നഗരസഭയിലെ കുടുംബശ്രീ തൊഴിലുറപ്പ് അംഗങ്ങള്‍ കൃഷി ചെയ്ത ബന്ദിപ്പൂക്കളും മേളയുടെ പ്രത്യേക ആകര്‍ഷണമാണ്.
എല്ലാ ദിവസവും കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ട്. കുടുംബശ്രീ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ പോക്കറ്റ് മാര്‍ട്ട് സേവനവും ലഭ്യമാണ്.