പള്ളാത്തുരുത്തി പാലത്തിന്റെ ആര്‍ച്ച് കോണ്‍ക്രീറ്റിംഗ് : എസി റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം
1574897
Friday, July 11, 2025 7:31 AM IST
ചങ്ങനാശേരി: ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ പുതിയ പള്ളാത്തുരുത്തി പാലത്തിന്റെ ആര്‍ച്ച് കോണ്‍ക്രീറ്റിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ രാവിലെ 10 മുതല്‍ 13ന് രാവിലെ ആറുവരെ എസി റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനം. ആലപ്പുഴ കളക്ടറേറ്റില്‍ ചേര്‍ന്ന എസി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.
ചങ്ങനാശേരിയില്‍നിന്ന് ആലപ്പുഴയിലേക്കു വരുന്ന ഭാരവാഹനങ്ങള്‍ തിരുവല്ല വഴി തിരുവല്ല-അമ്പലപ്പുഴ റോഡിലൂടെ ദേശീയ പാതയില്‍ എത്തിച്ചേരണം.
ചങ്ങനാശേരിയില്‍നിന്നു വരുന്ന ചെറു വാഹനങ്ങള്‍ എസി റോഡിലൂടെ സഞ്ചരിച്ച് മങ്കൊമ്പ് ജംഗ്ഷനില്‍നിന്ന് ചമ്പക്കുളം ഭാഗത്തേക്കു തിരിഞ്ഞ് നെടുമുടി പഞ്ചായത്ത് ഓഫീസ് ജംഗ്ഷന്‍വഴി ദേശീയ പാതയിലെ കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തിന് വടക്ക് വശത്തുള്ള എസ്എന്‍ കവലയില്വന്ന് ആലപ്പുഴയിലേക്ക് യാത്ര തുടരണം.
ആലപ്പുഴയില്‍നിന്നും ചങ്ങനാശേരിക്കു പോകുന്ന ഭാരവാഹനങ്ങള്‍ അമ്പലപ്പുഴ - തിരുവല്ല റോഡിലൂടെ ചങ്ങനാശേരിക്കു പോകണം. ആലപ്പുഴയില്‍നിന്നും ചങ്ങനാശേരിക്ക് പോകുന്ന ചെറുവാഹനങ്ങള്‍ ദേശീയ പാതയിലെ എസ്എന്‍ കവലയില്‍നിന്നും കഞ്ഞിപ്പാടം-ചമ്പക്കുളം വഴി എസി റോഡിലെ പൂപ്പള്ളിയിലെത്തി ചങ്ങനാശേരിക്ക് യാത്ര തുടരണം.
പള്ളാത്തുരുത്തി പഴയ പാലത്തിന് സമാന്തരമായി പണിയുന്ന പുതിയ പാലത്തിന്റെ നടുവിലുള്ള 72 മീറ്റര്‍ നീളമുള്ള ആര്‍ച്ചിന്റെ ആദ്യഘട്ട കോണ്‍ക്രീറ്റിംഗ് പ്രവൃത്തികളാണ് നാളെ നടക്കുന്നത്.
യോഗത്തില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കെഎസ്ടിപി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ജി.എസ്. ജ്യോതി, അമ്പലപ്പുഴ ഡിവൈഎസ്പി കെ.എന്‍. രാജേഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.