വിസ്മയമായി കീര്‍ത്തനയുടെ "ഇന്‍സൈറ്റ് റേയ്സ്’
1574664
Thursday, July 10, 2025 11:17 PM IST
ചങ്ങനാശേരി: എട്ടാംക്ലാസ് വിദ്യാര്‍ഥിനി ടി. കീര്‍ത്തനയുടെ ശാസ്ത്രപുസ്തകം നാളെ പ്രകാശനം ചെയ്യും. കീര്‍ത്തനയുടെ രചനകള്‍ "ഇന്‍സൈറ്റ് റേയ്സ്’ എന്ന പേരിൽ പുസ്തകമാക്കുന്പോൾ അത് തൃക്കൊടിത്താനം ഗവൺമെന്റ് ഹൈസ്കൂളിനും അഭിമാനമാകുന്നു. യുപി ക്ലാസിലെ സയന്‍സ് പുസ്തകങ്ങളെ ആസ്പദമാക്കി വരച്ച കഥകളും കാര്‍ട്ടൂണുകളും ചിത്രങ്ങളുമാണ് കീര്‍ത്തനയെ വ്യത്യസ്തയാക്കുന്നത്. യുപി ക്ലാസുകളിലെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും റഫറന്‍സ് പുസ്തകമായി ഉപയോഗിക്കത്തക്ക നിലവാരത്തിലുള്ളതാണ് ഈ രചനകള്‍.
തൃക്കൊടിത്താനം കിളിമല ചിറപ്പറമ്പില്‍ ധനീഷ്കുമാര്‍-ശ്രീക്കുട്ടി ദമ്പതികളുടെ മൂത്തമകളാണ് കീര്‍ത്തന. എഴുത്തും വരയും കീര്‍ത്തന മാതാപിതാക്കളെ കാണിച്ചിരുന്നില്ല. എന്നാല്‍, ഇവയെല്ലാം ക്ലാസ് അധ്യാപിക റാണി ജോസഫിന് അയച്ചുകൊടുത്തിരുന്നു. ഈ അധ്യാപികയാണ് കീര്ത്തനയിലെ ശാസ്ത്ര എഴുത്തുകാരിയെ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് കീര്‍ത്തനയുടെ വൈഭവം ടീച്ചര്‍ മാതാപിതാക്കളെ അറിയിച്ചു. ഈ എഴുത്തും വരയും പുസ്തകമാക്കണമെന്ന തീരുമാനത്തിലെത്തിച്ചത് ഈ സ്കൂളിലെ ഹയര്‍സെക്കന്‍ഡറി മലയാളവിഭാഗം അധ്യാപിക ഡോ. ജലജ ചരിവുകാലായിലാണ്. ഇക്കാര്യമറിയിച്ചപ്പോള്‍ ഹെഡ്മിസ്ട്രസ് ആര്.എസ്. രാജി വേണ്ട ഒത്താശകളും പ്രോത്സാഹനങ്ങളും നല്കി.
കീര്‍ത്തനയുടെ ഇംഗ്ലീഷിലുള്ള രചനകള്‍ കനകപ്പലം എംടി ഹൈസ്കൂളിലെ അധ്യാപകന് രാജീവ് നായര്‍ തിരുത്തലുകള്‍ നടത്തി മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. ഈ രചനകളും വരകളും കൂട്ടിച്ചേര്‍ത്ത് തൃക്കൊടിത്താനം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളാണ് "ഇന്‍സൈറ്റ് റേയ്സ്’ എന്ന പേരില്‍ പ്രസിദ്ധീപകരിക്കുന്നത്.
ത്രിതല പഞ്ചായത്ത് അധികാരികള്‍, സ്കൂള്‍ പിടിഎ എന്നിവരുടെ സഹകരണത്തോടെ പുറത്തിറക്കുന്ന പുസ്തകം നാളെ രാവിലെ 11ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ പ്രശസ്ത കവിയും ചലച്ചിത്രഗാന രചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ പ്രകാശനം ചെയ്യും. പിടിഎ പ്രസിഡന്റും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിനോയി ജോസഫ് അധ്യക്ഷത വഹിക്കും.
ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു സുജിത്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.രാജു, തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് മോളി ജോസ്, പ്രിന്‍സിപ്പല്‍ എ. സജീന തുടങ്ങിയവര്‍ പ്രസംഗിക്കും.