സർക്കാർ തീരുമാനം : ബിന്ദുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായവും മകന് ജോലിയും
1574882
Friday, July 11, 2025 7:16 AM IST
വൈക്കം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശുചിമുറി സമുച്ചയം തകർന്നുവീണ് മരിച്ച വൈക്കം തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പത്തുലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി സി.കെ. ആശ എംഎൽഎ അറിയിച്ചു.
ബിന്ദുവിന്റെ മകൻ നവനീതിന് ഉചിതമായ ജോലി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ശിപാർശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ബിന്ദുവിന്റെ മകൾ നവമിയുടെ ശസ്ത്രക്രിയ ഇന്നലെ വിജയകരമായി നടന്നെന്നും ബിന്ദുവിന്റെ വീട് 12.50 ലക്ഷം രൂപ വിനിയോഗിച്ചു നവീകരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും സി.കെ. ആശ പറഞ്ഞു.