വൈദ്യുതി നിലച്ചാൽ ബിഎസ്എൻഎൽ ഫോൺ നിശ്ചലം; ഉപഭോകൃത കോടതിയിൽ ഹർജി
1574651
Thursday, July 10, 2025 11:17 PM IST
കുന്നോന്നി: വൈദ്യുതി നിലച്ചാല്‍ പ്രദേശത്തെ ബിഎസ്എന്‍എല്‍ ഫോണുകളും വൈഫൈ നെറ്റ് വര്‍ക്ക് സംവിധാനങ്ങളുമെല്ലാം സ്പോട്ടില്‍ നിശ്ചലമാകും.
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ജില്ലയിലെ ബാറ്ററി ബാക്അപ്പ് ഇല്ലാത്ത ബിഎസ്എന്‍എല്‍ ടവറുകളുടെ അവസ്ഥ ഇതാണ്. ഫോണ്‍ പ്രവര്‍ത്തനക്ഷമമാകുന്ന സമയങ്ങളില്‍ കോള്‍ ഡ്രോപ്പാകുന്നതും പതിവാണ്.
ഇതിനെതിരേ നിരവധി പരാതികള്‍ ബന്ധപ്പെട്ടവര്‍ക്ക് നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെതിരേ പൊതുപ്രവര്‍ത്തകനും കെസിബിസി ടെമ്പറന്‍സ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള ബിഎസ്എന്‍എലിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും മേലില്‍ മൂന്നുവര്‍ഷക്കാലത്തേക്ക് സൗജന്യ സേവനം തന്റെ നിലവിലുള്ള നമ്പരുകള്‍ക്ക് ആവശ്യപ്പെട്ടുമാണ് ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ക്കെതിരേ ജില്ലാ ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
ഹര്ജിക്കാരന് ഈരാറ്റുപേട്ട സബ് ഡിവിഷന് കീഴില്‍ കുന്നോന്നി ടവറിന് പരിധിയില്‍ വരുന്ന ഉപഭോക്താവാണ്.
കുന്നോന്നി ടവറും വൈദ്യുതി ബന്ധം നിലച്ചാല്‍ നിശ്ചലമാകും.
ജനറേറ്റര്‍ സൗകര്യമില്ലാത്തതും ബാറ്ററി ബാക്അപ്പ് ഇല്ലാത്തതുമാണ് ഈ ടവറുകള്‍ നേരിടുന്ന മുഖ്യ പ്രശ്നം. രൂക്ഷമായ ഈ പ്രശ്നം പരിഹരിച്ച് ഇടമുറിയാത്ത സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നും ഹര്‍ജിയില്‍ പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.