രാമപുരം നാലമ്പലദര്‍ശനം: തീർഥയാത്രകളുമായി കെഎസ്ആർടിസി
1574909
Friday, July 11, 2025 10:51 PM IST
കോട്ടയം: രാമപുരം നാലമ്പലദര്ശനത്തിനു കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലുമായി സഹകരിച്ച് 17 മുതല്‍ ഓഗസ്റ്റ് 16 വരെ എല്ലാ ജില്ലകളില്‍നിന്നും തീര്ഥയാത്രകള് ക്രമീകരിച്ചെന്നും മുന്‍കൂട്ടി സീറ്റുകള്‍ ബുക്കുചെയ്യാന്‍ സൗകര്യമുണ്ടെന്നും നാലമ്പല ദര്‍ശന കമ്മിറ്റി. ഓരോ ഡിപ്പോകളില്‍നിന്നുള്ള യാത്രാതീയതിയും വിശദാംശങ്ങളും അതതു ജില്ലകളിലെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ തയാറാക്കിവരുന്നു.
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ശ്രീഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ദര്‍ശനം നടത്തി വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതോടെ നാലമ്പല ദര്‍ശനം പൂര്‍ത്തിയാകും. ഒരേദിവസം ഉച്ചപൂജയ്ക്ക് മുമ്പ് നാലമ്പലദര്‍ശനം പൂര്‍ത്തിയാക്കണം.
ഇന്‍ഫര്‍മേഷന്‍ സെന്ററുകളും വോളണ്ടിയര്‍മാരുടെ സേവനവും നാലു ക്ഷേത്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്ക്കുചെയ്യാൻ കൂടുതല്‍ സൗകര്യമുണ്ട്. മഴ നനയാതെ ക്യൂ നില്കുന്നതിനു പന്തല്‍ ഒരുക്കിയിട്ടുണ്ട്. വഴിപാടുകള്‍ക്ക് ഉടന്‍ പ്രസാദം ലഭിക്കും. അമനകര ഭരതസ്വാമി ക്ഷേത്രത്തില്‍ ദിവസവും അന്നദാനമുണ്ട്. കര്ക്കിടമാസത്തില് ദര്‍ശനസമയം രാവിലെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം അഞ്ചുമുതല്‍ 7.30 വരെയുമാണ്. ക്ഷേത്രങ്ങള്‍ തമ്മിലുള്ള ദൂരം മൂന്നു കിലോമീറ്റര്‍ മാത്രമാണ്.