കഥാപാത്രങ്ങൾ പകർന്നാടി; ദേവമാതായിൽ വേറിട്ട ബഷീർ അനുസ്മരണം
1575185
Sunday, July 13, 2025 2:48 AM IST
കുറവിലങ്ങാട്: വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് ദേവമാതാ കോളജ്. വായനയിൽ കണ്ടുമുട്ടിയിട്ടുള്ള ബഷീർ കഥാപാത്രങ്ങളെ അരങ്ങിൽ പുനരവതരിപ്പിച്ചത് നവ്യമായ അനുഭവമായി.
പതിറ്റാണ്ടുകൾക്ക് മുമ്പ് ബഷീർ സൃഷ്ടിച്ച കഥാപാത്രങ്ങളെ കാലോചിതമായ നവീകരണത്തിലൂടെ കുട്ടികൾ അരങ്ങിലെത്തിച്ചു. ബഷീർ, പാത്തുമ്മ, ഒറ്റക്കണ്ണൻ പോക്കർ, നാരായണി, കേശവൻ നായർ, സാറാമ്മ തുടങ്ങി അതുല്യ മികവാർന്ന കഥാപാത്രങ്ങൾ അനുയോജ്യമായ വേഷപ്പകർച്ചയോടെ അരങ്ങിലെത്തി.
ഡിബി കോളജിലെ മലയാള വിഭാഗം അസി. പ്രഫസർ ഡോ. ജി. രമ്യ, ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ദേവമാതാ കോളജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ, ഡോ. ജോബിൻ ജോസ്, ഡോ. സിജി ചാക്കോ, സിസ്റ്റർ സിന്ധു ഡോ. സെബാസ്റ്റ്യൻ, ഡോ. ടീനാ സെബാസ്റ്റ്യൻ, ഡോ. അരുണിമ സെബാസ്റ്റ്യൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.