തൊടുപുഴ: വന്യമൃഗങ്ങൾ കാട്ടിൽ നിന്നും ജനവാസമേഖലകളിലേക്കിറങ്ങി കൃഷിയിടങ്ങളിൽ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരം നാമമാത്രമാകുന്നു. കർഷകരുടെ അധ്വാനത്തിന്റെ ചെറിയൊരംശം പോലും നഷ്ടപരിഹാരമെന്ന നിലയ്ക്ക് ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരിദേവനം. വനാതിർത്തികളിൽ കൃഷി മാത്രം ഉപജീവനമായി കഴിയുന്ന കർഷകർക്കാണ് കാട്ടുമൃഗങ്ങളിൽ നിന്നുള്ള ആക്രമണം മൂലം ഓരോ വർഷവും ലക്ഷക്കണക്കിനു രൂപയുടെ വിളനാശം സംഭവിക്കുന്നത്. കാട്ടാന, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളിൽ നിന്നുള്ള ആക്രമണമാണ് ഇതിൽ പ്രധാനം. കാട്ടാനയുടെയും കാട്ടുപന്നിയുടെയും ആക്രമണത്തിൽ നശിക്കുന്ന കാർഷിക വിളകൾക്ക് വനംവകുപ്പിന്റെ ശിപാർശ പ്രകാരം ലഭിക്കുന്ന നഷ്ടപരിഹാരതുകയാണ് നാമമാത്രമാകുന്നത്. കർഷകർ കൃഷിക്കായി മുടക്കുന്ന ചെലവിന്റെ നാലിലൊന്നു പോലും നഷ്ടപരിഹാരമെന്ന നിലയിൽ ലഭിക്കുന്നില്ല.
2012-ൽ റവന്യു വകുപ്പാണ് വന്യമൃഗങ്ങൾ നശിപ്പിക്കുന്ന വിളകളുടെ നഷ്ടപരിഹാരം നിശ്ചയിച്ച് വനംവകുപ്പിന് ഉത്തരവു നൽകിയത്. റവന്യു വകുപ്പ് നിശ്ചയിച്ച തുകയുടെ പത്തു ശതമാനം അധികമായാണ് വനംവകുപ്പ് നഷ്ടപരിഹാരമായി നൽകുന്നത്. എന്നാൽ ഈ തുക തങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടത്തിന്റെ ചെറിയ ഭാഗം പോലുമാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. ഇന്ന് ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കർഷകരുടെ ഈ ആവശ്യത്തെ അനുഭാവപൂർവം പരിഗണിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷിഭൂമിയിൽ നാശനഷ്ടം വരുത്താതിരിക്കാനും ജനങ്ങളുടെ ജിവന് ഭീഷണിയാകാതിരിക്കാനും വേണ്ട മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്നുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കുന്പോഴാണ് കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങൾ കൂടുതൽ വ്യാപിക്കുന്നത്. കാട്ടാനകളെ പ്രതിരോധിക്കാനുള്ള കിടങ്ങ്, സൗരോർജവേലി, കയ്യാല, ജൈവ വേലി എന്നിവയെല്ലാം വനം വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇവയ്ക്കൊന്നും ഇവയുടെ ആക്രമണത്തെ ഫലപ്രദമായി ചെറുക്കാൻ കഴിയുന്നില്ല. ഇതെല്ലാം മറികടന്ന് ഇവ അനായാസം നാട്ടിലേക്കിറങ്ങുന്നു. മൂന്നാർ പോലെയുള്ള മേഖലകളിൽ കാട്ടാന ശല്യം അതി രൂക്ഷമാണ്. കാട്ടുപന്നിയുടെ ശല്യമാണ് മറ്റൊരു വലിയ ഭീഷണി. മരച്ചീനി, ചേന, ചേന്പ്, കാച്ചിൽ, മധുരക്കിഴങ്ങ് പോലെയുള്ള കിഴങ്ങുവർഗ വിളകൾക്ക് കാട്ടുപന്നി ആക്രമണം വലിയ ഭീഷണിയാണ്. കൃഷിയിടത്തിൽ ഇറങ്ങി വിളനാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ ഉപാധികളോടെ അനുമതിയുണ്ടെങ്കിലും ഈ ഉത്തരവ് കർഷകർക്ക് കാര്യമായി പ്രയോജനം ചെയ്തിട്ടില്ല.
കാട്ടുമൃഗങ്ങളിൽ നിന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനൊപ്പം ഇവറ്റകൾ വരുത്തുന്ന വിളനാശത്തിനു മതിയായ നഷ്ടപരിഹാരം നൽകണമെന്നുമാണ് കൃഷിക്കാരുടെ പ്രധാന ആവശ്യം. അതിനായി നിലവിൽ നൽകുന്ന നഷ്ടപരിഹാരതുകയിൽ വർധനവ് വരുത്തണം.10 സെന്റ് സ്ഥലത്തെ മരച്ചീനി കാട്ടുമൃഗങ്ങൾ നശിപ്പിച്ചാൽ വനം വകുപ്പ് നഷ്ടപരിഹാരമായി നൽകുന്നത് 165 രൂപ മാത്രമാണ്. 10 സെന്റിൽ കർഷകൻ മരച്ചീനി കൃഷി തുടങ്ങാൻ മാത്രം 1800 രൂപയോളമാകുമെന്ന് കൃഷിക്കാർ പറയുന്നു. കായ്ഫലമുള്ള തെങ്ങ് നശിച്ചാൽ ഒന്നിന് 770 രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്, കായ്ക്കാത്ത തെങ്ങിന് ലഭിക്കുന്നത് 385 രൂപയാണ്. ഒരു വർഷം പ്രായമുള്ള തെങ്ങിൻതൈക്ക് 110 രൂപ ലഭിക്കും. കുലച്ച വാഴയ്ക്ക് 110 രൂപയും കുലയ്ക്കാത്ത വാഴയ്ക്ക് 83 രൂപയുമാണ് ലഭിക്കുന്നത്. ടാപ്പ് ചെയ്യുന്ന റബറിന് 330 രൂപയും ടാപ്പ് ചെയ്യാത്തതിന് 220 രൂപയുമാണ് ലഭിക്കുന്നത്. കൊക്കോ-110, കാപ്പി-110, കുരുമുളക് -83, അടയ്ക്ക-165 എന്നിങ്ങനെയാണ് ലഭിക്കുന്ന നഷ്ടപരിഹാര തുക.
പത്ത് സെന്റ് ഇഞ്ചികൃഷി നശിച്ചാൽ 165 രൂപ, മഞ്ഞളിന് 132, പച്ചക്കറി പത്ത് സെന്റിന് 220, പൈനാപ്പിൾ പത്ത് സെന്റിന് 825, ഗ്രാന്പു ഒന്നിന് 440 എന്നിങ്ങനെയാണ് ലഭിക്കുന്നത്. ഒരു ഹെക്ടർ ഏലംകൃഷിയോ, കരിന്പോ വന്യമൃഗങ്ങൾ നശിപ്പിച്ചാൽ ലഭിക്കുന്നത് 2750 രൂപ മാത്രമാണ്. വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ ഒട്ടേറെ തവണ വനംവകുപ്പ് ഓഫീസുകളിൽ കയറിയിറങ്ങിയാൽ മാത്രമാണ് ഈ തുശ്ചമായ കണക്കിൽ തുക ലഭിക്കുക. മലയോര ജില്ലയായ ഇടുക്കിയിൽ പല മേഖലകളിലും കൃഷിയിടങ്ങളിൽ വന്യമൃഗ ശല്യം അതി രൂക്ഷമാണ്. അതിനാൽ വന്യമൃഗ ആക്രമണം മൂലം നശിക്കുന്ന വിളകൾക്ക് ഉത്പാദനച്ചെലവിന് ആനുപാതികമായി നഷ്ടപരിഹാരം നൽകണമെന്നാണ് വനാതിർത്തികളിൽ കഴിയുന്ന കർഷകരുടെ മുഖ്യ ആവശ്യം.