കട്ടപ്പന: സർക്കാർ ജീവനക്കാരുടെ വേതന വിതരണ സംവിധാനമായ സ്പാർക്ക് (സർക്കാർ ജീവനക്കാരുടെ ശബള ക്രമീകരണ വിതരണ സോഫ്റ്റ് വെയർ) ലെ പ്രശ്നങ്ങൾമൂലം ജീവനക്കാരുടെ ബില്ലുകൾ പാസാകാതെ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഒരു മാസത്തിലേറെയായി എയ്ഡഡ് സ്കൂൾ മേഖലയിൽ പ്രതിസന്ധി തുടരുകയാണ്.
എഇഒ, ഡിഇഒ തലങ്ങളിൽ ആയിരക്കണക്കിനു ബില്ലുകളാണ് കെട്ടിക്കിടക്കുന്നത്. പിഎഫ്, ഇൻക്രിമെന്റ്, അരിയർ ബില്ലുകൾ, ഡെയ്ലി വേജസ്, ശന്പള ബില്ലുകൾ, ഒരുമിച്ച് മാറുന്ന കുടിശിഖ ശന്പള ബില്ലുകൾ എന്നിവ ഇ-സബ്മിറ്റ് ചെയ്യാൻ ഡിഡിഒ സ്ഥാപനമേധവിക്ക് കഴിയുമായിരുന്നുവെങ്കിൽ ഇപ്പോൾ അത് മേലോഫീസറായ എഇഒ, ഡിഇഒകൾക്കാണ് ലഭിക്കുന്നത്.
ഒരിക്കൽ പരിശോധിച്ച് പാസാക്കിയ ബില്ലുകൾ വീണ്ടും ഒരിക്കൽകൂടി ഡിജിറ്റൽ അപ്രൂവൽ എന്ന രീതിയിൽ അതേ ഓഫീസിലേക്ക് വരുന്നത് സ്പാർക്കിൽ ഈ അടുത്ത കാലത്തുണ്ടായ നടപടിയാണ്. ഇത് ഇരട്ടി അധ്വാനവും സമയനഷ്ടവും കാലതാമസവും വരുത്തിവയ്ക്കുന്നതാണ്. ശന്പള ബില്ലുകൾ ഒഴികെയുള്ള എല്ലാ ബില്ലുകളും വ്യക്തമായ പരിശോധനയ്ക്കു ശേഷമാണ് അതാത് മേൽ ഓഫീസുകളിൽ മാറി നൽകിയിരുന്നത്.
പാസാക്കുന്ന ബില്ലുകൾ ട്രഷറിയിലും പരിശോധിക്കപ്പെടുന്നു എന്നിരിക്കെയാണ് ഇ-സബ്മിഷൻ വേളയിൽ വീണ്ടും ഡിജിറ്റൽ അംഗീകാരത്തിനായി സ്പാർക്ക് പുതിയൊരു കടന്പകൂടി തുറന്നിരിക്കുന്നത്. ചികിത്സ, വിവാഹം, വീട് വയ്പ്, ലോണ്‍ തിരിച്ചടവ്, സ്ഥലം വാങ്ങൽ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് ലോണിനെ ആശ്രയിക്കുന്നവർക്കും ഇത് വലിയ പ്രതിസന്ധിയാണ്.
വർഷങ്ങളായുള്ള ആവശ്യങ്ങൾക്കും സമരങ്ങൾക്കുംശേഷം എയ്ഡഡ് സ്കൂളിലെ പ്രധാനാധ്യാപകർക്ക് കൈവന്ന അവകാശങ്ങളെയും ഇല്ലാതാക്കുന്നതാണ് സ്പാർക്ക് പുതുതായി കൊണ്ടുവന്ന നടപടി. കേരള എയ്ഡഡ് സ്കൂൾ നോണ്‍ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സ്പാർക്ക്, ധനമന്ത്രി എന്നിവർക്ക് നിവേദനം നൽകിയെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല. ഗവണ്മെന്റ്, എയ്ഡഡ് സ്കൂൾ മാനേജ്മെന്റ്, അധ്യാപക സംഘടനകൾ എന്നിവർ അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന്് നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കട്ടപ്പന ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സിജി ചാക്കോ, ജില്ലാസെക്രട്ടറി സിബി കോട്ടുപ്പള്ളി, ജില്ലാ ഭാരവാഹികളായ സിൽബി ചുനയംമാക്കൽ, ഷെൽജി മന്പള്ളിൽ, ജോബി ജോസഫ്, അനീഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു.