ജയൻ
മലയാള സിനിമയിൽ ഇത്രയധികം കാലം കഴിഞ്ഞിട്ടും പ്രേക്ഷകമനസിൽ ഒരു മായാത്ത പ്രതിച്ഛായായി നിലനിൽക്കുന്ന മറ്റൊരു നടനുണ്ടാകില്ല. അഭിനയജീവിതത്തിന്റെ ഉയരത്തിൽ നിൽക്കെ ഒരു ഹെലികാപ്റ്റർ അപകടത്തിൽ ദാരുണമായി മരണപ്പെട്ടിട്ട് ദശാബ്ദങ്ങൾ കഴിഞ്ഞെങ്കിലും, ജയൻ എന്ന പേര് ഇന്നും മലയാളികൾക്ക് ഒരു വികാരമാണ്.
ആക്ഷനും മാസും സ്റ്റൈലും ഒരുപോലെ ഒത്തിണങ്ങിയ മലയാള സിനിമയിലെ ആദ്യത്തെ യഥാർത്ഥ ആക്ഷൻ സൂപ്പർസ്റ്റാർ ആയിരുന്നു അദ്ദേഹം.
തുടക്കവും വെള്ളിത്തിരയിലേക്കുള്ള പ്രവേശനവും
കൊല്ലം ജില്ലയിലെ ഓടനാവട്ടത്ത് കൃഷ്ണൻ നായർ എന്ന പേരിൽ ജനിച്ച ജയൻ, സിനിമയിലെത്തുന്നതിന് മുൻപ് ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു. നേവിയിലെ ജോലി ഉപേക്ഷിച്ച് അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായി ചെന്നൈയിൽ എത്തിയ അദ്ദേഹം, മോഡലിംഗിലൂടെയും നാടകങ്ങളിലൂടെയുമാണ് സിനിമയിലേക്ക് വഴിമാറിയത്.
പോസ്റ്റുമാനെ കാണാനില്ല എന്ന ചിത്രത്തിലെ ഡയലോഗുകൾ ഇല്ലാത്ത ചെറിയൊരു വേഷമായിരുന്നു ആദ്യം ലഭിച്ചത്. പിന്നീട് 1974-ൽ ശാപമോക്ഷം എന്ന ജേസി ചിത്രത്തിലെ ഗാനരംഗത്തിലൂടെ ജയൻ ചലച്ചിത്ര ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചെറിയ വേഷങ്ങൾ ജയന് ലഭിച്ചുതുടങ്ങി.
ഇവയിൽ പലതും വില്ലൻവേഷങ്ങളായിരുന്നു. പഞ്ചമി എന്ന ചിത്രത്തിലെ വില്ലൻ വേഷം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ചലച്ചിത്ര നടൻ ജോസ് പ്രകാശാണ് ജയനെ ചലച്ചിത്രരംഗത്തു പരിചയപ്പെടുത്തുന്നത്. ജയന്റെ അമ്മാവന്റെ മകളായിരുന്നു നടി ജയഭാരതി. ജയഭാരതിയാണ് പഞ്ചമി എന്ന ചിത്രത്തിലേയക്ക് അദ്ദേഹത്തെ നിർദ്ദേശിച്ചത്. പിന്നെ അവസരങ്ങൾ ജയനെ തേടി എത്തുകയായിരുന്നു.
അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കിൽ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. ഭാവാഭിനയത്തിൽ മികവു പുലർത്തിയിതോടൊപ്പം ശരീരത്തിന്റെ കരുത്തും മെയ് വഴക്കവും അഭിനയത്തിൽ സംക്രമിപ്പിച്ച് ജയൻ അവതരിപ്പിച്ച സ്റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി.
1970-കളുടെ അവസാനത്തിലും 1980-കളുടെ തുടക്കത്തിലും മലയാള സിനിമയിൽ വലിയൊരു മാറ്റത്തിന് ജയൻ തിരിതെളിച്ചു. അതുവരെ കണ്ടിരുന്ന നായകസങ്കൽപ്പങ്ങളെല്ലാം അദ്ദേഹം മാറ്റിപ്പണിതു.
ശരീര സൗന്ദര്യം സൂക്ഷിക്കുന്ന, ഫിറ്റായ ഒരു നായക സങ്കൽപ്പം മലയാളികൾക്ക് പരിചയപ്പെടുത്തിയത് ജയനാണ്.
അദ്ദേഹം ധരിച്ചിരുന്ന വസ്ത്രരീതികളും, മീശ പിരിക്കുന്ന ശൈലിയും, ഡയലോഗ് ഡെലിവറിയും കേരളത്തിലെ യുവതലമുറയെ അക്ഷരാർത്ഥത്തിൽ സ്വാധീനിച്ചു.
മാസ് ഡയലോഗുകൾക്കൊപ്പം തന്നെ മികച്ച റൊമാന്റിക്, സെന്റിമെന്റൽ വേഷങ്ങളും ചെയ്യാൻ തനിക്ക് സാധിക്കുമെന്ന് അദ്ദേഹം തെളിയിച്ചു.
ഐ.വി. ശശി സംവിധാനം ചെയ്ത 'മീൻ', 'സംഘഗാനം', 'അങ്ങാടി', ജോഷി സംവിധാനം ചെയ്ത 'ശക്തി', 'മൂർഖൻ', ഹരിഹരന്റെ 'ചാകര' തുടങ്ങിയ ചിത്രങ്ങൾ ജയന്റെ താരമൂല്യം ആകാശത്തോളം ഉയർത്തി. പ്രത്യേകിച്ച് 'അങ്ങാടി' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം മലയാള സിനിമ ചരിത്രത്തിലെ സുവർണ ലിപികളിൽ എഴുതപ്പെട്ട ഒന്നാണ്.
സാഹസികതയുടെ രാജാവ്
ഡ്യൂപ്പുകളെ ഉപയോഗിക്കാതെ സ്വന്തം റിസ്കിൽ ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കുക എന്നത് ജയന്റെ പ്രത്യേകതയായിരുന്നു. കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ അപകടത്തിലാണ് 1980 നവംബർ 16-ന് ജയൻ അകാലമൃത്യു അടഞ്ഞത്.
അവിവാഹിതനായിരുന്ന അദ്ദേഹത്തിന് മരണസമയത്ത് 41 വയസ് പ്രായമേ ഉണ്ടായിരുന്നുള്ളൂ. തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള കോളിളക്കം ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്.
സംവിധായകൻ ഈ രംഗത്തിന്റെആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നു എന്നു പറയപ്പെടുന്നു. ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകൾ എടുത്തിരുന്നു. എന്നാൽ തന്റെ പ്രകടനത്തിൽ അസംതൃപ്തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാൻ സംവിധായകനെ നിർബന്ധിച്ചത് എന്ന് കോളിളക്കത്തിന്റെ നിർമാതാവ് പറയുന്നു. റീടേക്കിൽ ഹെലിക്കോപ്റ്റർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
ജയന്റെ മരണസമയത്ത് ഹിറ്റായി ഓടുകയായിരുന്ന ചിത്രമായ "ദീപ"ത്തിൽ ജയന്റെ മരണവാർത്ത ചേർത്തു. ഈ ചിത്രം കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ആരാധകർ പൊട്ടിക്കരഞ്ഞു തിയേറ്ററിന്റെ പുറത്തേക്ക് ഓടി. ചിലർ വിശ്വസിക്കാൻ കഴിയാതെ അമ്പരന്ന് നിന്നു. മറ്റ് ചിലർ ഇതു വിശ്വസിക്കാൻ തയ്യാറാവാതെ വരാൻ പോകുന്ന ചലച്ചിത്രത്തിന്റെ ഒരു പരസ്യമാണ് എന്ന് കരുതി സിനിമ കാണുന്നത് തുടർന്നു.
ജയന്റെ മൃതദേഹം ചെന്നൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു. തുടർന്ന് മൃതദേഹം വിലാപയാത്രയായി അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചശേഷം വീട്ടുവളപ്പിൽ അച്ഛന്റെ അന്ത്യവിശ്രമസ്ഥാനത്തിനടുത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അനുജൻ സോമൻ നായരാണ് ചിതയ്ക്ക് തീ കൊളുത്തിയത്. നിരവധി ആളുകളാണ് അദ്ദേഹത്തെ അവസാനമായി കാണാനെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലിസിന് വളരെയധികം ബുദ്ധിമുട്ടേണ്ടിവന്നു. ജയന്റെ മരണത്തോടെ തകർന്നുപോയ അദ്ദേഹത്തിന്റെ അമ്മ ഭാരതിയമ്മ തുടർന്ന് കിടപ്പിലാകുകയും രണ്ടുവർഷങ്ങൾക്കുശേഷം അവരും മരിക്കുകയും ചെയ്തു.
ജയന്റെ മരണം വെറുമൊരു അബദ്ധം മാത്രമായിരുന്നില്ലെന്നും, സിനിമാ വ്യവസായത്തിലെ ചില പ്രമുഖരുടെ ഇടപെടൽ മൂലമുള്ള കൊലപാതകമാണെന്നും അക്കാലത്ത് ശക്തമായ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ജയന്റെ വളർച്ചയിൽ അസൂയാലുക്കളായ ചിലർ അദ്ദേഹത്തെ ബോധപൂർവം അപകടത്തിലേക്ക് തള്ളിയിടുകയായിരുന്നു എന്ന് ആരാധകർ വിശ്വസിച്ചു.
ഹെലികാപ്റ്റർ പൈലറ്റിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന വാദങ്ങളും ഉയർന്നിരുന്നു. എന്നാൽ ഔദ്യോഗികമായി അതൊരു ചിത്രീകരണത്തിനിടയിലുണ്ടായ ദാരുണമായ അപകടം മാത്രമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.
ജയൻ എന്ന ഇതിഹാസത്തിന്റെ സ്വാധീനം
വെറും നാലോ അഞ്ചോ വർഷത്തെ സജീവമായ സിനിമാജീവിതം കൊണ്ട് മലയാള സിനിമയിൽ അദ്ദേഹം തീർത്ത സാമ്രാജ്യം ചെറുതല്ല. അക്കാലത്ത് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ വലിയ താരങ്ങൾ പോലും മടിച്ചിരുന്നുവെങ്കിൽ ജയന്റെ സ്വാധീനം എത്രയെന്ന് ഊഹിക്കാമല്ലോ.
മരണശേഷവും ജയന്റെ ശബ്ദവും രൂപവും അനുകരിച്ച് നിരവധി കലാകാരന്മാർ എത്തിയിട്ടുണ്ട്. എങ്കിലും, മലയാള സിനിമയിൽ ജയന് പകരക്കാരനായി മറ്റൊരാളെ ചൂണ്ടിക്കാണിക്കാൻ ഇന്നും സാധ്യമല്ല. ധീരതയുടെയും സ്റ്റൈലിന്റെയും പ്രതീകമായി, മലയാളികളുടെ നെഞ്ചിൽ ജയൻ ഇന്നും അനശ്വരനായി നിലകൊള്ളുന്നു.
Tags : jayan actor jayan jayan death story feature cinema malayalam movie