ചിത്രത്തിന്റെ പോസ്റ്റർ
മലയാള സിനിമയ്ക്ക് അഭിമാനമായി 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) രാജ്യാന്തര മത്സരവിഭാഗത്തിൽ അടൂർ ഗോപാലകൃഷ്ണന്റെയും ലിയോ തദേവൂസിന്റെയും ചിത്രങ്ങൾ.
അടൂരിന്റെ മമ്മൂട്ടി ചിത്രം ‘പദയാത്ര’യും ലിയോ തദേവൂസിന്റെ ‘ചെവിട്ടോർമ്മ’യും ഉൾപ്പെടെ നാല് ഇന്ത്യൻ ചിത്രങ്ങളാണ് 14 ചിത്രങ്ങളുടെ മത്സരപ്പട്ടികയിൽ ഇടംപിടിച്ചത്. തമിഴ് ചിത്രങ്ങളായ ‘സെൽവി’, ‘മെമ്പേഴ്സ് ഓഫ് ദ പ്രോബ്ലമാറ്റിക് ഫാമിലി’ എന്നിവയാണ് മറ്റ് രണ്ട് ഇന്ത്യൻ ചിത്രങ്ങൾ.
ഡിസംബർ 11 മുതൽ 18 വരെ തിരുവനന്തപുരത്ത് നടക്കുന്ന 31-ാമത് ഐഎഫ്എഫ്കെയുടെ രാജ്യാന്തര മത്സരവിഭാഗത്തിലേക്ക് പത്ത് രാജ്യങ്ങളിൽനിന്നുള്ള 14 ചിത്രങ്ങളാണു തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നാലു ചിത്രങ്ങളിൽ രണ്ടെണ്ണം മലയാളത്തിലും രണ്ടെണ്ണം തമിഴിലുമാണ്.

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പദയാത്ര’യിൽ മമ്മൂട്ടിയാണ് നായകൻ. ‘എ ജേർണി ഓൺ ഫൂട്ട്’ എന്നാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് പേര്. ലിയോ തദേവൂസിന്റെ‘ചെവിട്ടോർമ്മ’യുടെ ഇംഗ്ലീഷ് പേര് ‘ദ സോൾ വിസ്പറർ’ എന്നാണ്. മലയാള സിനിമയിലെ ശ്രദ്ധേയരായ രണ്ട് സംവിധായകരുടെ ചിത്രങ്ങൾ രാജ്യാന്തര മത്സരവേദിയിലെത്തുന്നത് മേളയുടെ പ്രധാന സവിശേഷതയാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായ ദക്ഷിണ കൊറിയയിലെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (BIFF) റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാനമായി 'ചെവിട്ടോർമ്മ' (The Soul Whisperer) പ്രദർശിപ്പിച്ചിരുന്നു. ഈ വർഷത്തെ ബുസാൻ ചലച്ചിത്രമേളയിലേക്ക് മലയാളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമായ 'ചെവിട്ടോർമ്മ' യുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ലിയോ തദേവൂസ് ആണ്. ദിലീഷ് പോത്തൻ, പൗളി വത്സൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
മത്സരവിഭാഗത്തിലെ മറ്റ് ഇന്ത്യൻ ചിത്രങ്ങളായ ‘സെൽവി’ സംവിധാനം ചെയ്തിരിക്കുന്നത് ശൈലേഷ് രത്നകുമാറാണ്. രാമലിംഗം ഗൗതം സംവിധാനം ചെയ്ത ‘മെമ്പേഴ്സ് ഓഫ് ദ പ്രോബ്ലമാറ്റിക് ഫാമിലി’യാണ് മറ്റൊരു ചിത്രം. ഇവ രണ്ടും തമിഴ് ചിത്രങ്ങളാണ്.
ചൈന, ബ്രസീൽ, മെക്സിക്കോ, ഫിലിപ്പീൻസ്, ഇറാൻ, ഉസ്ബെക്കിസ്ഥാൻ, കസാഖിസ്ഥാൻ, ഉറുഗ്വേ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങളും മത്സരവിഭാഗത്തിലുണ്ട്. വിവിധ രാജ്യങ്ങളിലെ സാമൂഹിക, സാംസ്കാരിക ജീവിതവും മനുഷ്യാവസ്ഥകളും ആവിഷ്കരിക്കുന്ന സിനിമകളാണ് പട്ടികയിലുള്ളത്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ കീഴിലുള്ള സെന്റർ ഫോർ ഇന്റർനാഷണൽ ഫിലിം റിസർച്ച് ആൻഡ് ആർക്കൈവ്സ് (CIFRA) ആണ് ഔദ്യോഗിക പട്ടിക പുറത്തിറക്കിയത്. ഫെസ്റ്റിവൽ ഡയറക്ടർ രവീന്ദർ ഏലിയാസാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
രാജ്യാന്തര മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും പ്രദർശിപ്പിക്കും. ഇന്ത്യൻ സിനിമാ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും ക്രിട്ടിക്സ് ഡിസ്കവറി വിഭാഗത്തിൽ അഞ്ച് ചിത്രങ്ങളുമാണ് ഇടംപിടിച്ചിരിക്കുന്നത്.
മലയാളം സിനിമ ടുഡേ വിഭാഗത്തിലെ 12 ചിത്രങ്ങൾ മലയാളത്തിലെ പുതിയ ചലച്ചിത്രപ്രതിഭകളുടെ സൃഷ്ടികൾക്കും മേളയിൽ പ്രാധാന്യം ലഭിക്കുന്നുണ്ട്. വിവിധ പ്രമേയങ്ങളും ആഖ്യാനരീതികളുമായി എത്തുന്ന ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
ക്രിട്ടിക്സ് ഡിസ്കവറി വിഭാഗത്തിൽ അഞ്ച് ചിത്രങ്ങൾ
ലക്ഷ്മി പുഷ്പയുടെ ‘വാസം’, ടി. ദീപേഷിന്റെ ‘സുധി പത്ത’, ടി.ആർ. പ്രിയനന്ദനന്റെ‘ഏഴു നിറമുള്ള സ്വപ്നം’, സജിൻ ബാബുവിന്റെ ‘തർക്കം’, വിമൽ നാരായണന്റെ ‘നെബുല’ എന്നിവയാണ് ക്രിട്ടിക്സ് ഡിസ്കവറി വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ഇന്ത്യൻ സിനിമാ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും മേളയുടെ ഭാഗമാകും.
Tags : iffk iffkmovies padayathra cinema movie adoor mammootty