വിവാഹമോചനത്തിൽ സ്ത്രീകൾ നേരിടേണ്ടിവരുന്ന സമീപനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മലൈക അറോറ.
പുരുഷന്മാർ അവരേക്കാൾ പ്രായം കുറഞ്ഞ സ്ത്രീകളെ വിവാഹം കഴിക്കുന്നത് പ്രശംസിക്കപ്പെടുകയും എന്നാൽ അതേകാര്യം സ്ത്രീകൾ ചെയ്യുമ്പോൾ അത് ചോദ്യം ചെയ്യപ്പെടുകയാണെന്നും മലൈക പറഞ്ഞു. മുംബൈയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മലൈക അറോറ.
‘സ്ത്രീകൾ ശക്തരാകുന്നതിന്‍റെ പേരിൽ നിരന്തരം ജഡ്ജ് ചെയ്യപ്പെടും. ഞാൻ എന്ന സ്ത്രീയെ രൂപപ്പെടുത്തുന്നതിൽ ചില പുരുഷന്മാർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ, ഒരു പുരുഷൻ വിവാഹമോചനം നേടുകയും അവനെക്കാൾ പകുതി പ്രായമുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും ചെയ്യുന്നത് പ്രശംസിക്കപ്പെടും.
ഇതേ കാര്യം ഒരു സ്ത്രീ ചെയ്യുമ്പോൾ, അവളെ ചോദ്യം ചെയ്യും. ‘അവൾ എന്തിനാണ് അങ്ങനെ ചെയ്യുന്നത്? അവൾക്ക് വിവേകമില്ലേ? എന്നൊക്കെയാകും ചോദ്യം. ഇത്തരം സ്റ്റീരിയോടൈപ്പുകൾ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു.
മലൈക അറോറയുടെ വ്യക്തിജീവിതം നിരന്തരം വാർത്തകളിൽ ഇടംപിടിച്ച ഒന്നാണ്. അർബാസ് ഖാനുമായുള്ള വിവാഹമോചനവും 12 വയസിന്‍റെ പ്രായവ്യത്യാസമുള്ള അർജുൻ കപൂറുമായുള്ള ബന്ധവും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അർബാസും മലൈകയും 2017 ൽ ആണ് വേർപിരിഞ്ഞത്. ഇവർക്ക് ഒരു മകനാണുള്ളത്.
മലൈക 2016 മുതൽ അർജുൻ കപൂറുമായി ഡേറ്റിംഗ് ആരംഭിച്ചിരുന്നു. വർഷങ്ങളോളം നീണ്ട ഡേറ്റിംഗിന് ശേഷം ഇരുവരും വേർപിരിഞ്ഞുവെന്ന് അടുത്തിടെയാണ് റിപ്പോർട്ട് പുറത്തുവന്നത്. അതേസമയം, 2023 ഡിസംബറിൽ അർബാസ് മേക്കപ്പ് ആർട്ടിസ്റ്റ് ഷുറ ഖാനെ വിവാഹം കഴിച്ചു. 2025 ഒക്ടോബർ അഞ്ചിന് ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറന്നു.