പാർവതി തിരുവോത്ത്
‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന സിനിമയുടെ വിജയാഘോഷ വേളയിൽ കണ്ണുകൾ നിറഞ്ഞ് വികാരഭരിതയായി നടി പാർവതി തിരുവോത്ത്. ആളുകൾക്ക് തന്നിലുള്ള വിശ്വാസം കുറഞ്ഞുനിന്ന സമയത്താണ് തന്നെ വിശ്വസിച്ച് സംവിധായകനായ ഷഹദ് ഈ കഥാപാത്രം നല്കുന്നതെന്ന് പാർവതി വെളിപ്പെടുത്തി.
‘‘ഇതൊരു പബ്ലിക് ഇവന്റാണെന്ന് എനിക്ക് തോന്നുന്നില്ല. പ്രഥമ ദൃഷ്ട്യാ കുറ്റക്കാരുടെ ടീമിലുള്ള എല്ലാവരും ഒരുമിച്ചുള്ള ഒരു മുറിയിലേക്ക് വരുമ്പോൾ, വീണ്ടും സെറ്റിലേക്ക് വന്നതുപോലെയാണ് തോന്നുന്നത്. നമുക്കെല്ലാവർക്കും പരസ്പരം പരിചയമാണ്.
ഇപ്പോൾ നമ്മൾ സുഹൃത്തുക്കളുമാണ്. അതുകൊണ്ട് എനിക്ക് വളരെ റിലാക്സ്ഡ് ആയി തോന്നുന്നു. മറ്റ് പബ്ലിക് പരിപാടികളിൽ പങ്കെടുക്കുമ്പോഴുള്ള പ്രസംഗത്തിന്റെയോ ഔപചാരികതയുടെയോ അന്തരീക്ഷം ഇവിടെയില്ല. സിനിമയുടെ റിലീസിന് ശേഷം പലപ്പോഴായി കണ്ടുമുട്ടിയപ്പോഴും എല്ലാവരും ഒരുമിച്ച് വീണ്ടും ഒത്തുചേരണമെന്ന് ആഗ്രഹിച്ചിരുന്നു. അത് സാധ്യമായതിൽ സന്തോഷമുണ്ട്,
ഷൂട്ടിംഗ് ദിവസങ്ങൾ ഞാൻ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അന്ന് ഇത്രയധികം പണിയെടുക്കേണ്ടി വരുമെന്ന് ചിന്തിച്ചിരുന്നില്ല. 18–20 മണിക്കൂർ വരെ ഷൂട്ട് നീണ്ട ദിവസങ്ങളുണ്ടായിരുന്നു.
ഇന്ന് അതൊക്കെ ആലോചിക്കുമ്പോഴാണ് അതിന് പിന്നിൽ എത്രയോ ആളുകളുടെ അധ്വാനമുണ്ടെന്ന് തിരിച്ചറിയുന്നത്. ഒരു ഷോട്ടിനുവേണ്ടി ഇത്രയധികം ആളുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് ഇപ്പോഴും എന്നെ അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്.
രാവിലെ എത്തുന്നു, കോസ്റ്റ്യൂം ധരിക്കുന്നു, ഡയലോഗ് പഠിക്കുന്നു, നമ്മുടെ ബെസ്റ്റ് കൊടുക്കുന്നു, തിരിച്ചു പോകുന്നു. എന്നാൽ സിനിമ വലിയ വിജയമായി ഇന്നിവിടെ നിൽക്കുന്ന സമയത്ത് ഇതൊന്നും ഞാൻ തന്നെ ചെയ്തതായി തോന്നുന്നില്ല. ഇതു നമ്മൾ ചെയ്തതാണ്.
ചിത്രത്തിലൂടെ ഉണ്ണിമായയുമായി ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന സൗഹൃദം ലഭിച്ചു. സിദ്ധാർഥും ഉണ്ണിമായയുമായാണ് സെറ്റിൽ ചർച്ച. അതിൽ സിദ്ധു ഞങ്ങളുടെ ചർച്ച എന്തെങ്കിലും ഡിബേറ്റിലേക്ക് കയറ്റും.
ഫെമിനിസം എന്നു പറഞ്ഞാൽ ഞാൻ തുടങ്ങുമെന്ന് അറിയാം. അങ്ങനെ എല്ലാ സഹപ്രവർത്തകരോടും ഇതേ സൗഹൃദം തന്നെയായിരുന്നു. അവസാനമാണ് കുട്ടേട്ടൻ (വിജയരാഘവൻ) എത്തുന്നത്.
ചിത്രത്തിൽ കുട്ടേട്ടൻ എത്തിയതും സെറ്റിലെ അന്തരീക്ഷത്തിന് വലിയ മാറ്റമായിരുന്നു. അദ്ദേഹത്തിന്റെ സ്വാഭാവികമായ സ്വാഗും എല്ലാവരോടുമുള്ള കരുതലും സ്നേഹവും നല്ല സംഭാഷണങ്ങളും ഞങ്ങൾക്ക് വലിയ പിന്തുണയായിരുന്നു.
നിരവധി പൊലിസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിജയിപ്പിച്ചിട്ടുള്ള നടനാണ് കുട്ടേട്ടൻ. എന്റെ പല ഷോട്ടുകളിലും തിരുത്തലുകൾ നിർദേശിച്ചത് അദ്ദേഹമായിരുന്നു. ഇങ്ങനെയൊക്കെയാണ് ആ കഥാപാത്രം നന്നായത്.
എന്റെ ഇരുപത് വർഷത്തെ കരിയറിൽ ഒരുപാട് സ്നേഹം ലഭിച്ച കഥാപാത്രങ്ങളുണ്ട്. പക്ഷേ, എനിക്ക് ലഭിച്ച മെസേജുകളിൽ ഏറ്റവും കൂടുതൽ ആളുകൾ പറയുന്നത് അലീന എബ്രഹാം ഒരു പൊലിസ് കഥാപാത്രമാണെങ്കിലും അവൾ ഒരു അമ്മ കൂടിയാണെന്നാണ്. ആ സ്വീകാര്യത എത്ര മനോഹരമായാണ് വന്നതെന്ന് കാണുമ്പോൾ ഇപ്പോഴും സന്തോഷം തോന്നുന്നു.
ഷഹദും എഴുത്തുകാരും ആ കാര്യം കൃത്യമായി മനസിലാക്കിയതിൽ എനിക്ക് സന്തോഷമുണ്ട്. അമ്മയുടെ ഇമോഷൻ എന്താണെന്ന് അവർ കൃത്യമായി ആ കഥാപാത്രത്തിലൂടെ പറഞ്ഞു.
ഈ സിനിമയ്ക്ക് പിന്നിൽ നടന്ന ചർച്ചകളും തർക്കങ്ങളും എഡിറ്റിംഗ് റൂമിലെ തീരുമാനങ്ങളുമൊന്നും പ്രേക്ഷകർ അറിയണമെന്നില്ല. എന്നാൽ ഓരോരുത്തരും തങ്ങളുടെ ജോലി മനോഹരമായി ചെയ്തതിന്റെ ഫലമാണ് സിനിമയ്ക്ക് ലഭിച്ച സ്വീകാര്യത.
ഒരു സമയത്ത് പല കാരണങ്ങളാൽ എന്നിലുള്ള വിശ്വാസം കുറഞ്ഞുവരുന്നുണ്ടായിരുന്നു. അപ്പോഴാണ് ഷഹദ് എന്നിൽ വിശ്വസിച്ച് ഈ കഥാപാത്രം നൽകിയത്. എനിക്കു വേണ്ടി നിൽക്കുകയും ചെയ്തു, അതിന് ഒരുപാട് നന്ദിയുണ്ട്. അത് എത്ര എളുപ്പമായിരുന്നില്ല.
ഷഹദിന്റെ മുൻ സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം ലഭിക്കാതിരുന്നിട്ടും ഒരു പുതിയ ജോണറിലേക്ക് മാറാനും സംവിധായകനെന്ന നിലയിൽ തന്റെ രീതിയിൽ മാറ്റം വരുത്താനും ഷഹദ് തയാറായി.
അതൊരു റിസ്ക് തന്നെയായിരുന്നു. എന്റെ കൂടെ വർക്ക് ചെയ്യുന്നതും റിസ്ക് ആണ്. ആ തീരുമാനത്തെ നിർമാണസംഘവും പിന്തുണച്ചു. എന്നെപ്പോലെയുള്ള അഭിനേതാക്കൾക്ക് ഇത്തരം അവസരങ്ങൾ വലിയ മാറ്റമുണ്ടാക്കും.
ചിത്രത്തിന്റെ ഛായാഗ്രാഹകൻ റോബിയും എന്നെ ഒരുപാട് പിന്തുണച്ചു. തെറ്റുകൾ സംഭവിക്കുമ്പോഴും ഫ്രെയിമിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും തിരക്കുകൂട്ടാതെ സമയമെടുത്ത് ചെയ്യാൻ അവസരം നൽകിയിരുന്നത് വലിയ ആശ്വാസമായിരുന്നു. സമുറായി വാളുപോലുള്ള ചമന്റെ എഡിറ്റിംഗും എടുത്തുപറയണം.’’പാർവതിയുടെ വാക്കുകൾ.
അവസാനമായി അച്ഛനെയും അമ്മയെയും കുറിച്ച് സംസാരിക്കുമ്പോഴും പാർവതി വികാരാധീനയായി. താൻ ജോലി ചെയ്യുമ്പോൾ അച്ഛനും അമ്മയും തന്നെ മിസ് ചെയ്യാറുണ്ടെങ്കിലും ഓരോ വിജയത്തിലും അവരുടെ കണ്ണുകളിൽ കാണുന്ന സന്തോഷവും അഭിമാനവുമാണ് തനിക്ക് കൂടുതൽ കരുത്ത് നൽകുന്നതെന്ന് താരം പറഞ്ഞു. അവരുടെ ചിരിയും സന്തോഷും ഒന്നു കൂടി കാണാൻ ഒരവസരം തന്നതിൽ എല്ലാവരോടും നന്ദിയുണ്ടെന്നും പാർവതി കൂട്ടിച്ചേർത്തു.
Tags : Parvathy Thiruvothu PDK PRADAMA DRISHTYA KUTTAKKAR PARVATHY CINEMA MALAYALAM