പ്രതീകാത്മക ചിത്രം
മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ വാഹനാപകടമെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് പൊലിസ് അന്വേഷണത്തിൽ കണ്ടെത്തി. മൊബൈൽ ഫോൺ തർക്കത്തെത്തുടർന്നുള്ള പ്രതികാരമാണ് ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രതിയായ ഹഫീസിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ബോലിയാറിലെ പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അരേബിനഗർ സ്വദേശി മുഹമ്മദ് അർഫാസ് (22), സുഹൃത്ത് മുഹമ്മദ് അഫ്രാസ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇരുവരും സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിനു പിന്നിൽ ഒരു പിക്കപ്പ് വാൻ അമിതവേഗത്തിൽ ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചു. തുടർന്ന് പിക്കപ്പ് വാനും പോസ്റ്റിൽ ഇടിക്കുകയും പോസ്റ്റ് ഒടിയുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കളും സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. തുടക്കത്തിൽ ഇതൊരു സാധാരണ വാഹനാപകടമാണെന്നാണ് കരുതിയിരുന്നത്.
എന്നാൽ സിസിടിവി ദൃശ്യങ്ങളും പൊലിസിന്റെ പ്രാഥമികാന്വേഷണവും കേസിലെ വഴിതിരിവായി. സുഹൃത്തിന്റെ മൊബൈൽ ഫോണുമായി ബന്ധപ്പെട്ട് പ്രതിയായ ഹഫീസും കൊല്ലപ്പെട്ട യുവാക്കളും തമ്മിൽ രന്തദ്ക ക്രോസിന് സമീപം തർക്കമുണ്ടായിരുന്നു. ഈ വാക്കേറ്റം പിന്നീട് കൈയാങ്കളിയിൽ കലാശിച്ചു. ഇതേ തുടർന്നാണ് പ്രതി പിക്കപ്പ് വാൻ ഉപയോഗിച്ച് യുവാക്കളുടെ സ്കൂട്ടറിനെ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തിയത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊലപാതക കുറ്റം ചുമത്തി കേസെടുത്ത പൊലിസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Tags : Murder Accident Kill MobilePhone Arrest