ജലന്ധറിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് അഭയമേകി ഡിഎംഎ
Wednesday, May 14, 2025 12:06 PM IST
ന്യൂഡൽഹി: പഹൽഗാം സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ അതിർത്തിയിൽ നടക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് പഞ്ചാബിലെ ലുധിയാനയിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട ജലന്ധറിലെ ലവ്ലി പ്രഫഷണൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്ക് അഭയകേന്ദ്രമായി ഡൽഹി മലയാളി അസോസിയേഷൻ.
ബസുമാർഗം ലുധിയാനയിൽ നിന്നും കേരളത്തിലേക്കുള്ള യാത്രാമധ്യേ ഡൽഹിയിലെത്തിയ കുട്ടികൾ ഡിഎംഎ ആർകെ പുരം ഏരിയ സെക്രട്ടറി രത്നാകരൻ നമ്പ്യാർ മുഖേന ഡൽഹി മലയാളി അസോസിയേഷന്റെ ആർകെ പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ എത്തുകയായിരുന്നു. ഞായറാഴ്ച വിമാന മാർഗം നാട്ടിലേക്ക് മടങ്ങി.
ജോവാൻ ജോ മാത്യു (ശ്രീകണ്ഠപുരം, കണ്ണൂർ), ആനന്ദ് ചന്ദ്രൻ (ചേലേരി, തളിപ്പറമ്പ്), പി. പ്രണവ്, (എളമ്പാറ, കീഴല്ലൂർ), പി. ഹരി ഗോവിന്ദ് (ഇരവിമംഗലം, പെരിന്തൽമണ്ണ), സി. സിദ്ധാർഥ് (ഇരവിമംഗലം, പെരിന്തൽമണ്ണ), എം അനസ് (കോഴൂർ, എരുവട്ടി),
അതിരാട് എസ്. പ്രമോദ് (മുണ്ടയാട്, വാരം), സിനാൻ മുഹമ്മദ് ഷംസാൻ (മന്ദരത്തൂർ, മണിയൂർ, വടകര), ആരോമൽ അനിൽ (എൻ.ആർ. നൂഞ്ഞിക്കാവ്, അട്ടടപ്പ, ചൊവ്വ) എന്നീ ഒന്പത് വിദ്യാർഥികളാണ് ഡിഎംഎ ആർകെ പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ താമസിച്ചത്.
ആപത് ഘട്ടങ്ങളിൽ മലയാളികളോടൊപ്പം നിൽക്കുവാനും ആവശ്യമെങ്കിൽ അവർക്കു വേണ്ട സഹായങ്ങൾ ചെയ്യുവാനും ഡിഎംഎ സജമാണെന്നും സഹായത്തിനായി എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാമെന്നും പ്രസിഡന്റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ അറിയിച്ചു.