ബംഗളൂരു - എറണാകുളം സൂപ്പർ ഫാസ്റ്റിനെ എക്സ്പ്രസായി തരംതാഴ്ത്തുന്നു
Tuesday, September 9, 2025 12:34 PM IST
ബംഗളൂരു: പ്രതിദിനം നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്ന ബംഗളൂരു - എറണാകുളം - ബംഗളുരു ഇന്റസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിനെ (12677/78) എക്സ്പ്രസ് ട്രെയിനായി തരം താഴ്ത്താൻ റെയിൽവേ തീരുമാനം.
ഡിസംബർ മൂന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അന്നു മുതൽ ട്രെയിനിന്റെ നമ്പരിലും മാറ്റമുണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. 16377/78 എന്ന നമ്പരിലായിരിക്കും എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക.
നിലവിൽ കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ (12677)വൈകുന്നേരം 4.55നാണ് എറണാകുളത്ത് എത്തുന്നത്. തിരികെയുള്ള സർവീസ് (12678) രാവിലെ 9.10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിനാണ് ബംഗളൂരുവിൽ എത്തുന്നത്.
സൂപ്പർ ഫാസ്റ്റ് ട്രെയിനായതിനാൽ കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. എക്സ്പ്രസ് ട്രെയിനാക്കി മാറ്റുമ്പോൾ വണ്ടിയുടെ സ്പീഡ് കുറയ്ക്കും എന്നത് ഉറപ്പാണ്.
എന്നാൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല ട്രെയിനിനെ എക്സ്പ്രസ് കാറ്റഗറിയിലേക്ക് മാറ്റുന്നതിന്റെ കാരണങ്ങൾ ഒന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുമില്ല.
ഏതായാലും ഈ ട്രെയിനിന്റെ നിർദിഷ്ട കാറ്റഗറി മാറ്റം കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.