ധന്യൻ മാർ ഈവാനിയോസിന്റെ ഓർമയാചരണം 20ന് ബംഗളൂരുവിൽ
Friday, July 18, 2025 10:59 AM IST
ബംഗളൂരു: ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 72-ാം ഓർമയാചരണം പുത്തൂർ രൂപതയുടെ ആഭിമുഖ്യത്തിൽ 20ന് ബംഗളൂരുവിൽ നടക്കും.
കെങ്കേരി സെന്റ് ബനഡിക്ടൈൻ കാമ്പസിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ മുഖ്യകാർമികനാകും.
പത്തനംതിട്ട ബിഷപ് സാമുവൽ മാർ ഐറേനിയോസ്, പുത്തൂർ ബിഷപ് ഗീവർഗീസ് മാർ മക്കേറിയോസ് എന്നിവർ സഹകാർമികരാകും. രാവിലെ എട്ടിന് പദയാത്ര, 9.45ന് വിശുദ്ധ കുർബാന, 11.45ന് പൊതുസമ്മേളനം. തുടർന്ന് ഉച്ചഭക്ഷണവും ഉണ്ടാകും.
ബംഗളൂരുവിലെ സീറോ മലങ്കര കത്തോലിക്കാ സഭ വിശ്വാസി സമൂഹം മുഴുവനും തിരുക്കർമങ്ങളിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഫാ. മാത്യു കണ്ടത്തിൽ, പ്രോഗ്രാം കൺവീനർ ഫാ. തോമസ് ഊന്നൻപാറക്കൽ, ജനറൽ സെക്രട്ടറി വർഗീസ് മാത്യു എന്നിവർ അറിയിച്ചു.