ബംഗളൂരുവിൽ സ്കൂട്ടറിൽ ലോറി ഇടിച്ച് അപകടം; യുവതി മരിച്ചു
Wednesday, September 24, 2025 10:26 AM IST
ബംഗളൂരു: നന്ദിനി ലേയൗട്ടിൽ സ്കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ കൽപന (38) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കൽപനയുടെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇരുവരും ജോലിസ്ഥലത്തേക്കുള്ള പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞുവീണു. റോഡിൽ വീണ കൽപനയുടെ ദേഹത്തിന് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. കൽപന സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മഹാലക്ഷ്മി ലേഔട്ടിലെ താമസക്കാരിയായ കൽപന പീന്യയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ലോറി ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി.