ബംഗളൂരു - തിരുവനന്തപുരം സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടി
Friday, September 19, 2025 12:49 PM IST
ബംഗളൂരു: ഉത്സവകാലത്തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി) അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(06555) നീട്ടിയ ആദ്യ വണ്ടി. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ സർവീസ് അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി.
തിരിച്ച് തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 28 വരെയും നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്(06523) ആണ് നീട്ടിയ രണ്ടാമത്തെ വണ്ടി.
സെപ്റ്റംബർ 15 വരെ അനുവദിച്ച വണ്ടി ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ്(06524) സെപ്റ്റംബർ 15ന് അവസാനിക്കേണ്ടിയിരുന്നത് ഡിസംബർ 30 വരെയും ദീർഘിപ്പിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് സ്പെഷൽ(06547)ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്റ്റംബർ മൂന്നുവരെ അനുവദിച്ച വണ്ടി ഡിസംബർ 24 വരെയാക്കി.
തിരിച്ചുള്ള തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ(06548) സെപ്റ്റംബർ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബർ 25 വരെയാക്കി.
വണ്ടികളുടെ സമയക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതുപോലെ തുടരുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.