പരിപാടിയിൽ നിന്ന്
മനാമ: ദീർഘകാലത്തെ ബഹ്റിനിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ മുൻ പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഇ.കെ. സലീമിന് പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി.
സിഞ്ചിലെ പ്രവാസി സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും സഹപ്രവർത്തകരും പങ്കെടുത്തു. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലം ബഹ്റിനിലെ പ്രവാസി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങളിലും സാമൂഹിക-സാംസ്കാരിക മുന്നേറ്റങ്ങളിലും ഇ.കെ. സലീം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.
ഇന്ത്യയിൽ നിന്ന് ബഹ്റിനിലേക്ക് ബജറ്റ് എയർലൈൻ സർവീസുകൾ യാഥാർഥ്യമാക്കുന്നതിനും യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മറ്റ് സാമൂഹിക സംഘടനകളുമായി ചേർന്ന് അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
പ്രവാസികളുടെ അവകാശങ്ങൾക്കായി നിരന്തരം ശബ്ദിക്കുകയും പ്രയാസപ്പെടുന്നവർക്ക് താങ്ങും തണലുമായി നിലകൊള്ളുകയും ചെയ്ത അദ്ദേഹത്തിന്റെ സേവനങ്ങൾ പ്രവാസി സമൂഹം എന്നും ഓർമിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.

മികച്ച സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, ഫാമിലി കൗൺസിലർ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കെ.ഐ.ജി, യാത്രാ അവകാശ സംരക്ഷണ സമിതി, പ്രവാസി വെൽഫെയർ, പ്രവാസി ഗൈഡൻസ് ഫോറം എന്നിവയുടെ പ്രസിഡന്റായും വിവിധ പ്രവാസി സാമൂഹിക കൂട്ടായ്മകളുടെ ഭാഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രവാസി വെൽഫെയറിനു വേണ്ടി പ്രസിഡന്റ് മജീദ് തണൽ ഇ.കെ. സലീമിന് ഉപഹാരം കൈമാറി. പ്രവാസജീവിതത്തിൽ ബഹ്റിനിലെ പ്രവാസി സമൂഹവും പ്രത്യേകിച്ച് പ്രവാസി വെൽഫെയർ കൂട്ടായ്മയും തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും കരുതലിനും ഇ.കെ. സലീം നന്ദി രേഖപ്പെടുത്തി.
പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ അധ്യക്ഷത വഹിച്ച യാത്രയയപ്പ് സംഗമത്തിൽ സാമൂഹിക പ്രവർത്തകരായ ബിനു കുന്നന്താനം, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, മുഹമ്മദലി സി.എം, സൽമാനുൽ ഫാരിസ്, മൊയ്തീൻ കെ.ടി, ബിജു ഫിലിപ്പ്, മുഹമ്മദലി മലപ്പുറം, അബ്ദുൽ ജലീൽ അബ്ദുല്ല, മുഹമ്മദ് മുഹിയുദ്ദീൻ, സമീർ ഹസൻ, അക്ബർ ഷാ, ഗഫൂർ മൂക്കുതല, ഷാഹുൽ ഹമീദ് വെന്നിയൂർ, സബീന അബ്ദുൽ ഖാദർ, ജോഷി ജോസഫ്, സഈദ് റമദാൻ, ഫസലു റഹ്മാൻ, അജ്മൽ ഹുസൈൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം അഡ്വ. ഷഫ്ന തയ്യിബ് നന്ദിയും പറഞ്ഞു.
Tags : PravasiWelfare E.K.Salim Farewell