കെന്റക്കി:അമേരിക്കൻ കോൺഗ്രസ് അംഗം തോമസ് മാസ്സി (റിപ്പബ്ലിക്കൻ, കെന്റക്കി) കഴിഞ്ഞയാഴ്ച നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൽ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയായ റോ ഖന്ന കടുത്ത നിരാശ രേഖപ്പെടുത്തി. ഞായറാഴ്ച നടന്ന മീറ്റ് ദി പ്രസ് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വ്യത്യസ്ത രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരാണെങ്കിലും, ഇരുവരും ചേർന്ന് ജെഫ്രി എപ്സ്റ്റീൻ കേസിലെ ഫയലുകൾ പുറത്തുവിടാനുള്ള സുപ്രധാനമായ എപ്സ്റ്റീൻ ഫയൽസ് സുതാര്യതാ നിയമം കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.
കൂടാതെ ഇറാനിലെ അമേരിക്കൻ ഇടപെടലുകളെ തടയാനും ഇരുവരും ശ്രമിച്ചിരുന്നു. ശക്തരായ ചിലർക്കെതിരെ നിലപാടുകൾ എടുത്തതും യുദ്ധവിരുദ്ധ നിലപാടുകൾ സ്വീകരിച്ചതുമാണ് കോടിക്കണക്കിന് ഡോളർ ഒഴുക്കിയുള്ള പ്രചാരണത്തിലൂടെ മാസിയെ പരാജയപ്പെടുത്താൻ കാരണമായതെന്ന് റോ ഖന്ന പറഞ്ഞു.
എഡ് ഗാൽറിൻ എന്ന സ്ഥാനാർഥിയാണ് പ്രൈമറിയിൽ തോമസ് മാസ്സിയെ പരാജയപ്പെടുത്തിയത്. ഭീഷണികളെ ഭയക്കാതെ നിലപാടുകളിൽ ഉറച്ചുനിന്ന മാസ്സിയുടെ ധീരതയെ റോ ഖന്ന പ്രശംസിച്ചു.
Tags : Ro Khanna Thomas Massie